ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ മുൻനിര എൻഎച്ച്എസ് ജീവനക്കാർ കോവിഡിനെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പുകൾ രണ്ട് ഡോസും നിർബന്ധമായും സ്വീകരിക്കണമെന്ന തീരുമാനത്തിൽ ഉറച്ച്‌ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാത്ത 1,03,000 ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാനായിഏപ്രിൽ ഒന്നു വരെ സമയപരിധി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളെയും ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുന്നതിൽ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സർക്കാരിൻറെ ഈ നയത്തെ തുടർന്ന് ജീവനക്കാർ ജോലിയിൽനിന്ന് പിരിഞ്ഞു പോകുവാൻ സാധ്യതയുണ്ടോ എന്ന ആശങ്കയും ഉയർന്നുവന്നിട്ടുണ്ട്. ഇത് പിന്നീടുള്ള എൻഎച്ച്എസിൻെറ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. എൻഎച്ച്എസ് ഫ്രണ്ട്ലൈൻ സ്റ്റാഫുകളിൽ 93 ശതമാനത്തിലധികം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേരും പൂർണമായി വാക്സിനേഷൻ സ്വീകരിച്ചു എന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. കോവിഡിനും ഫ്‌ളൂവിനും എതിരായുള്ള പ്രതിരോധകുത്തിവയ്പ്പുകൾ നിർബന്ധമാക്കണോ എന്ന ചർച്ചയെ തുടർന്നാണ് സർക്കാരിൻറെ പുതിയ തീരുമാനം.

ഫ്ലൂ വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആരോഗ്യ കാരണങ്ങൾകൊണ്ട് കോവിഡ് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാൻ സാധിക്കാത്തവരെയും രോഗികളുമായി മുഖാമുഖം സമ്പർക്കം പുലർത്താത്തവരെയും മാത്രം പുതിയ നയത്തിൽനിന്ന് ഒഴിവാക്കും.എൻഎച്ച്എസിൽ ചികിത്സ തേടുന്ന രോഗികളെ സംരക്ഷിക്കുന്നതിനും, എൻഎച്ച്എസ് ജീവനക്കാരെ സംരക്ഷിക്കുന്നതിനും നിർബന്ധിത വാക്സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറ് അംഗീകരിച്ച് 12 ആഴ്ചയ്ക്കുള്ളിൽ അതായത് ഏപ്രിലോടുകൂടി ഈ നയം നടപ്പിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശുപത്രിയിലെ രോഗികളിൽ വൈറസ് പിടിപെടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ രോഗികളുമായി സമ്പർക്കം പുലർത്തുന്ന ജീവനക്കാർ വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കുന്നത് രോഗികളുടെ സംരക്ഷണത്തിന് സഹായിക്കും. എന്നാൽ ഇത് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവിന് കാരണമായാൽ ഈ നീക്കം മറ്റൊരു വിധത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഇതിനോടകം ഏകദേശം 90,000-ത്തിലധികം ഒഴിവുകളുണ്ട്. എൻഎച്ച്എസ് ജീവനക്കാർ പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കുന്നത് നിർബന്ധമാക്കി വാക്സിൻ സ്വീകരിക്കാത്തവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടും.

കെയർ മേഖലകളിൽ നിർബന്ധിത വാക്സിനേഷൻ ഈയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഗവൺമെൻറിൻറെ ഈ നയം പ്രഖ്യാപിച്ചതിനുശേഷം വാക്സിനേഷൻ എടുക്കാത്തവരിൽ മൂന്നിൽ രണ്ടുപേർ മാത്രമാണ് പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാൻ മുന്നോട്ടു വന്നത്.എൻഎച്ച്എസിലും ഇതാണ് സംഭവിക്കുന്നതെങ്കിൽ ജീവനക്കാരുടെ ഒഴിവുകൾ ഭീതിജനകമാം വിധം വർദ്ധിക്കാനാണ് സാധ്യത.