ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറിൽ 500 കിലോ മീറ്ററോളം ദൂരെ വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാൾ പിടിയിൽ. മരിച്ചയാളും പ്രതിയും കർണാടക സ്വദേശികളാണ്. ബെംഗളൂരു ആനേക്കൽ ബൈഗഡദേനഹള്ളിയിൽ പി.അങ്കൻ മിത്ര (37) ആണു പൊലീസ് പിടിയിലായത്. ഇയാൾ ഓടിച്ച കാറിടിച്ചു മരിച്ച ബെംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പിൽ ഉപേക്ഷിച്ചത്. ബെംഗളൂരുവിൽ രാജ്യാന്തര കമ്പനിയിൽ എൻജിനീയറാണു പ്രതി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: നാലിനു രാവിലെ 7.30ന് ഓഫിസിലേക്കു പോകുകയായിരുന്ന അങ്കൻ മിത്രയുടെ കാർ റോഡ് കുറുകെ കടക്കുകയായിരുന്ന വെങ്കിടേശപ്പയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പെല്ലു തകരുകയും തലയ്ക്കു പരുക്കേൽക്കുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്കയച്ചു. എന്നാൽ, പരുക്കേറ്റയാൾ കാറിനുള്ളിൽവച്ചുതന്നെ മരിച്ചെന്നറിഞ്ഞ പ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മൃതദേഹം ഉപേക്ഷിക്കാൻ തമിഴ്നാട്ടിലൂടെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു.
8 വർഷം മുൻപു കൊച്ചിയിൽ വന്ന പരിചയം വച്ചാണു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ടോൾ പ്ലാസകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വഴി പാലക്കാട്ടെത്തിയത്. രാത്രിയിൽ വടക്കഞ്ചേരി പിന്നിട്ടു തൃശൂർ ജില്ലയിലെ ചുവന്നമണ്ണു വരെ പോയെങ്കിലും റോഡ് നിർമാണം നടക്കുന്നതിനാൽ തിരികെ വന്നു. തുടർന്നു പന്നിയങ്കര ടോൾ പ്ലാസ എത്തും മുൻപു ദേശീയപാതയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ വെള്ളച്ചാലിൽ മൃതദേഹം ഉപേക്ഷിച്ചു തിരിച്ചു പോയി.
നീല നിറത്തിലുള്ള കാർ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നു തൃശൂർ പാലിയേക്കര മുതൽ വാളയാർ വരെയുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടർന്നു ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്ലാറ്റിൽ നിന്നു കാർ കണ്ടെത്തി.
മുൻഭാഗത്തെ തകർന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പൊലീസിനു കാറിൽ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിരലടയാള, ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാൻ സഹായിച്ചു. ആലത്തൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുക്കിയത് കേരളാ പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണം. അപകടസ്ഥലത്തു നിന്നു മൃതദേഹം ഉപേക്ഷിക്കാനും തിരിച്ചു വീട്ടിലെത്താനും 1000 കിലോമീറ്ററാണ് പ്രതി കാറോടിച്ചത്. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൃതദേഹം തലയണ വച്ച് ഇരിക്കുന്ന നിലയിലാക്കാനും ശ്രദ്ധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ സഞ്ചരിച്ച സ്ഥലങ്ങളിലെ സമയവും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെ സമയവും യോജിച്ചതോടെ വേഗം കുടുക്കാനായി.
പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ പ്രതി തിരികെ നാട്ടിലെത്തിയെങ്കിലും പൊലീസിന്റെ കണ്ണുകളെ വെട്ടിക്കാൻ കഴിഞ്ഞില്ല. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സിഐ ബി.സന്തോഷ്, എസ്ഐ എ.അജീഷ്, ഉല്ലാസ്, എഎസ്ഐ പി.പി. ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബി.കലാധരൻ, ബാബു, എം.രാംദാസ്, ഡേവിസ്, രജ്ഞിനി, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, കെ.ആർ.കൃഷ്ണദാസ്, സൂരജ്, യു.ബാബു, കെ.ദിലീപ്, ബി.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയെ പിടിച്ചെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നു റോഡിൽ വീണ കടലാസുകൾ സമീപത്തെ കടക്കാരൻ സൂക്ഷിച്ചു വച്ചിരുന്നു. ഇന്നലെ അപകടം നടന്ന സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുമ്പോൾ കടക്കാരൻ അവ കൈമാറിയതോടെയാണു വെങ്കിടേശമപ്പയെ തിരിച്ചറിഞ്ഞത്. വടക്കഞ്ചേരി പൊലീസ് എത്തിയപ്പോഴാണു മരണവിവരം വീട്ടുകാർ അറിയുന്നത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കാരം നടത്തും.
Leave a Reply