39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത്‌  ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ……..

 

ആദില ഹുസൈൻ | മലയാളം കവിത

ഞാൻ ഒരു ഭാരമാണ്
എന്റെ പേര് ഭൂപടങ്ങളിലില്ല
എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു,
എനിക്കെതിരെ നിയമമുണ്ടാക്കി
ലക്ഷ്മണരേഖകൾ വരച്ചു
എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി
പ്രതീകവൽക്കരിച്ചു
കരളില്ലാത്തവനായി മുദ്രകുത്തി
കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു.
എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു
എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു.

ഞാനെണീറ്റു നിന്നു
നിങ്ങൾ അന്ധരായഭിനയിച്ചു.
ഞാൻ ശബ്ദമുയർത്തി
നിങ്ങൾ ബധിരരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ
മറുകര പറ്റാൻ തോണിയേറി,
ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു
നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു.
എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ?
ഇല്ല
ഉണ്ണാൻ
ഉടുക്കാൻ
കിടക്കാൻ
രമിക്കാൻ
എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട്
പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം
സമയം വിലപ്പെട്ടതാണ്
ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ
പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം
കേട്ടെന്നു നടിക്കേണ്ട.
പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു
മുൾപ്പടർപ്പുകൾ എരിവെയിൽ വേദന
വേട്ടയാടാൻ എന്നെയും.

 

 ആദില ഹുസൈൻ .

കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.