വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.
പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.
അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്.
അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Leave a Reply