നമുക്ക് ഗ്രാമങ്ങൾ ചെന്ന് രാപ്പാർക്കാം…. എന്നാൽ അത് വട്ടവടയിൽ ആയാലോ !!! .
എല്ലാ യാത്രയിലെയും പോലെ ബൈക്കിൽ തന്നെ യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു …വാളറ വെള്ളച്ചാട്ടം മുതൽ വഴി നിറഞ്ഞു വാഹനങ്ങൾ… അവധിക്കാലം ആഘോഷമാക്കാൻ മല കയറിയവർ ചലനമറ്റ് കിടക്കുന്നു…ബൈക്ക് ആയതിനാൽ ഉള്ള വിടവുകളിലൂടെ തിരുകിക്കയറി ഞാൻ രംഗമൊഴിഞ്ഞു… മൂന്നാറിലും സമാനസ്ഥിതി… വട്ടവട പെട്ടന്നാ ഓർമ്മ വന്നത്…
ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവട…45 km അല്ലേ ഒള്ളൂ തിരിച്ചു വരുമ്പോൾ ടോപ് സ്റ്റേഷനിലും കാണാം. കുറച്ചു ദൂര കഴിഞ്ഞപ്പോൾ മഴയുടെ രംഗപ്രവേശം ആണ് കണ്ടത്… കൈയിൽ റൈൻ കോട്ട് ഉള്ളത് കൊണ്ട് യാത്ര തുടരാമെന്ന് തീരുമാനിച്ചു … മുന്നാറിൽ മഴനനഞ്ഞു ബൈക്ക് ഓടിച്ചാൽ ഉള്ള അവസ്ഥ… കൈകളിലേക്ക് മരവിപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു… ജാക്കറ്റ് ഉള്ളതുകൊണ്ട് തണുപ്പ് കാര്യമായി ബാധിച്ചില്ല…എല്ലപ്പെട്ടി എത്തിയപ്പോൾ കണ്ട വഴിയോരക്കടയിൽ കയറി ചായക്ക് പറഞ്ഞു കൂടെ ചൂട് ബജിയും…കൊടും തണുപ്പത് ചായയും ബജിയും കഴിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി പിന്നീട് ഞാൻ യാത്ര തുടർന്നു…
പാമ്പാടും ഷോല ചെക്‌പോസ്റ്റിൽ നല്ല തിരക്കുണ്ട്. ധാരാളം ടു വീലർ റൈഡേഴ്‌സ്… ഓഫീസർ ഒരാളാണ് എഴുത്തുകുത്തും ചെക്‌പോസ്റ്റ് ഉയർത്തലുമെല്ലാം നടത്തുന്നത് പോകുന്ന എല്ലാ വാഹനങ്ങളുടയും ചിത്രം സെൻസർ മുഖേന പകർത്തും പോലും, ഇതെല്ലാം കേട്ട് അക്ഷമനായി ഞാൻ അവിടെ നിന്ന്… ഗേറ്റിനപ്പുറത്തേക് വണ്ടി നിർത്താനോ ചിത്രങ്ങളെടുക്കാനോ പാടില്ല അടുത്ത ചെക്‌പോസ്റ് കഴിഞ്ഞേ നിർത്താൻ പറ്റൂ… പോകുന്ന വഴിയിലെല്ലാം മുകളിൽ പറഞ്ഞ രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്… അത്കൊണ്ട് ആവശ്യമില്ലാതെ പെറ്റികേസ് വാങ്ങി തലയിൽ വെക്കരുതെന്ന കർശന നിർദ്ദേശവും… പല വളവുകളിലും ഗാർഡ് നിൽപ്പുണ്ട് … ഫോറസ്ററ് ബംഗ്ലാവുകൾ ഇതിനുള്ളിൽ തന്നെ… താമസത്തിനു മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്, അവർക്കു ചിത്രങ്ങളെടുക്കാൻ പറ്റുവോ വാ… !
കൊവിലൂർ ടൗണിൽ എത്തിയപ്പോൾ തന്നെ കാർഷിക ഗ്രാമത്തിന്റെ ഭംഗി മനസ്സിനെ കുളിർപ്പിച്ചു… പച്ച നിറത്തിന്റെ കുറേ വൈവിധ്യങ്ങൾ തട്ടുതട്ടായി അടുക്കിയിട്ടിരിക്കുന്നു…
ചിത്രകാരന്റെ ഭാവനയിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ സഹ്യന്റെ മടിത്തട്ടിൽ വരച്ചു ചേർത്ത മനോഹര ചിത്രം… ഒറ്റനോട്ടത്തിൽ അങ്ങനേ തോന്നു…
മണ്ണിനോടും മഴയോടും, മരം കോച്ചുന്ന തണുപ്പിനോടും, കാട്ടുമൃഗങ്ങളോടും പടവെട്ടി ജീവിതം സ്വർഗ്ഗതുല്യമാക്കുന്ന പച്ച മനുഷ്യരുടെ വാസ്തസ്ഥലം ആ നാടിനെ ഇനി അടുത്തറിയാം
ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ആക്രമണത്തിൽ നിന്നു രക്ഷ തേടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ… ഒൗദ്യോഗികമായി വട്ടവട കേരളത്തിന്റെ ഭാഗമാണെങ്കിലും മനസ്സുകൊണ്ടിവർ ഇന്നും തമിഴ് മക്കളാണ്… പിന്തുടരുന്നതും തമിഴ് സംസ്കാരമാണ്… തമിഴും മലയാളവും ചേർന്ന ഭാഷയാണ് ഉപയോഗിക്കുന്നത്…
കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവടയുടെ ഭൂപ്രകൃതി… ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ്,വെളുത്തുള്ളി തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍…സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്…
കൊവിലൂർ എന്നെഴുതിയ ബോർഡിനപ്പുറമാണ് വട്ടവടയുടെ ലോകം… കമ്പുപാകി, മണ്ണുപൊത്തി, ചാണകം മെഴുകിയെടുക്കുന്ന വീടുകൾ… പൊതുവേ, വീടുകളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ച് ബാക്കിയുള്ള ഭൂമിയിൽ കൃഷി ചെയ്യുകയാണ് വട്ടവടക്കാർ… ഇവിടെ പോലീസിന് യാതൊരു റോളും ഇല്ലാത്ത അവസ്ഥയാണ്… വട്ടവട നിവാസികൾക്ക് അവരുടേതായ നിയമവും ഭരണാധികാരിയുമുണ്ട്… നാട്ടുപ്രമാണിയും മന്ത്രിമാരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വഴക്കും പരാതികളും തീർക്കുന്നത്… ഈ നാട്ടുകൂട്ടത്തെ ഇവിടുത്തുകാർ ‘മന്ത’ എന്നു വിളിക്കുന്നു… വാദം കേട്ട് ചെറിയ ശിക്ഷ നടപ്പാക്കാനും ശാസിക്കാനും പൂർണ അധികാരം ‘മന്ത’യിലെ അംഗങ്ങൾക്കുണ്ട്… അവസാനമില്ലാത്ത അത്ഭുതങ്ങളുടെ ഒളിത്താവളമാണ് ഈ നാട്…
മഴ വീണ്ടും വഴിമുടക്കി, ഇനി തിരിച്ചു വണ്ടിയോടിച്ചാൽ വീട്ടിലെത്താൻ വൈകും എന്താ വഴിയെന്നാലോചിച്ചു അടുത്തു കണ്ട ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു കൃഷി ആവിശ്യത്തിന് അവർ കെട്ടിയ ഒരു കുടിൽ ഉണ്ട്.300 രൂപ, തന്നാൽ അത് ഒരു ദിവസത്തേക്ക് തരാം ഞാൻ സമ്മതം മൂളി … കാറ്റാടി മരം കൊണ്ട് നിർമ്മിച്ച കട്ടിലും, തലയിണയായി ചാക്കിൽ നിറച്ച എന്തോ ഉണക്കപ്പുല്ലും… മണ്ണുകൊണ്ട് മെഴുകിയ തറയും … തീ കൂട്ടാൻ ഒരടുപ്പും കുറേ ഉണക്ക ചുള്ളികളും പുറത്തൊരു ടോയ്ലറ്റും… ഇതായിരുന്നാ ഒറ്റമുറി വീടിന്റെ അവസ്ഥ… കൊവിലൂർ ടൗൺ വരെ പോണം വൈകിട്ടത്തേക്കുള്ള ഭക്ഷണം കഴിക്കാൻ….
ഭക്ഷണം കഴിച്ചു വന്നപ്പോൾ തണുപ്പ് മാറ്റാൻ തീ ഇട്ടു… ഇടക്ക് കാട്ടുപന്നിയുടെ വരവ് ഉണ്ടാകുമോ എന്ന ചിന്ത വന്നപ്പോൾ പുറത്തിറങ്ങി നോക്കി… നക്ഷത്രങ്ങൾ പ്രേത്യക്ഷപ്പെട്ടിരിക്കുന്നു ചന്ദ്രന് പതിവിൽ കൂടുതൽ വലിപ്പം ഉണ്ടെന്നുതോന്നി നിലാവെളിച്ചത്തിൽ മുങ്ങിക്കുളിച്ച കൊവിലൂർ നിശ്ശബദ്ധമായി ഉറങ്ങുന്നു… എപ്പോളാ ഞാനും നിദ്രയിലേക്ക് വീണു…
ഉദയസൂര്യന്റെ തിളക്കം സകല തണുപ്പും മാറ്റി…ഞാൻ റൂം വിട്ടു പുറത്തിറങ്ങി. ടോപ്പ് സ്റ്റേഷൻ ലക്ഷമാക്കി യാത്ര തുടർന്നു
ടോപ്പ് സ്റ്റേഷനിൽ ഏറ്റവും നല്ല ദൃശ്യം രാവിലെയാണ് തിരക്കും വളരെ കുറവ്… പ്രഭാതം മിഴിതുറക്കുമ്പോൾ ശോഭ കൂടുന്ന മലമടക്കുകൾ… അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച “നീലക്കുറിഞ്ഞി ഒരെണ്ണം പൂത്തിട്ടുണ്ട്”…
12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി ഇപ്പോൾ ഒരു ചെടിയിൽ മാത്രം മൊട്ടിട്ടപ്പോൾ ഇതിപ്പോൾ എനിക്കായ് മാത്രം പൂത്തപോലെ തോന്നി… വ്യൂ പോയിന്റിൽ നിന്ന് തിരിച്ചുള്ള കയറ്റം ആ തണുപ്പത്തും എന്നെ തളർത്തിക്കളഞ്ഞു… ഇനി തിരിച്ചു വീട്ടിലേക്കു യാത്ര തിരിക്കണം. മനസിനെ തൊട്ടുണർത്തുന്ന ഇവിടം ഒരിക്കൽ വീണ്ടും കുടുംബവുമായി വരണം എന്ന് ഉറപ്പിച്ചു ഞാൻ തിരിച്ചു…
എന്റെ യാത്രകൾ തുടരും……
Nb:- വട്ടവട പോകുന്നവർ മുന്നാറിൽ നിന്ന് ആവശ്യത്തിന് ഇന്ധനം കരുതുക…
റൂട്ട് : കോട്ടയം – പാലാ – തൊടുപുഴ – നേര്യമംഗലം – അടിമാലി – മൂന്നാർ – മാട്ടുപ്പെട്ടി ഡാം – കുണ്ടള ഡാം – ടോപ്പ് സ്റ്റേഷൻ – പാമ്പാടുംഷോല നാഷണൽ പാർക്ക് – കൊവിലൂർ – വട്ടവട.
Leave a Reply