തെങ്ങു ചെത്താൻ കയറിയ യുവാവിനെ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കള്ളു ചോദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു പ്രതികാരം. തെങ്ങുചെത്തു തൊഴിലാളിയായ വെള്ളിക്കുളങ്ങര കൈലാൻ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പിൽ ബിസ്മ (45) അപായപ്പെടുത്താൻ ശ്രമിച്ചത്.
കള്ളു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകിട്ട് പോത്തഞ്ചിറ എന്ന സ്ഥലത്തു ജയൻ തെങ്ങു ചെത്താൻ കയറിയപ്പോൾ ബിസ്മ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ അടിഭാഗം മുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജയൻ തെങ്ങിന്റെ പകുതി വരെ ഇറങ്ങിയ ശേഷം താഴേക്കു ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തെങ്ങു പൂർണമായും മുറിച്ചിട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave a Reply