തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തല്‍. പണയം വയ്ക്കാൻ നല്‍കിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു.
അഫാന് മാല നല്‍കിയ വിവരം ഫർസാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ നല്‍കാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. താൻ മരിച്ചാല്‍ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നല്‍കിയ മൊഴി.
Leave a Reply