തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ ശിക്ഷവിധിക്കുന്നത് പാലക്കാട് ജില്ലാ അഡീഷണൽ കോടതി-ഒന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രണയവിവാഹം നടന്ന് 88-ാം നാൾ തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) കൊല്ലപ്പെട്ട കേസിലെ രണ്ടുപ്രതികളും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച ജഡ്‌ജി ആർ. വിനായകറാവു കണ്ടെത്തിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) രണ്ടാംപ്രതിയുമാണ്.

ശനിയാഴ്ച വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും നിലപാടുകൾകൂടി േകൾക്കാൻ കോടതി തീരുമാനിക്കയായിരുന്നു. പ്രതികൾ ചെയ്‌തത് അത്യന്തം ഹീനമായ കുറ്റമാണെന്നും ഇരുവർക്കും പരമാവധിശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാതീയമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന അനീഷിനെ കരുതിക്കൂട്ടി കൊലചെയ്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

പ്രതിഭാഗം ഓൺലൈനായാണ് തങ്ങളുടെവാദം നിരത്തിയത്. കരുതിക്കൂട്ടിയുള്ളതും അപൂർവത്തിൽ അപൂർവവുമായ കൊലപാതകമല്ല നടന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും പ്രതികൾ ഇനി കുറ്റകൃത്യം ചെയ്യാനിടയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. തുടർന്നാണ് കോടതി വിധിപ്രസ്താവിക്കുന്നത് 28-ലേക്ക്‌ മാറ്റിയത്.

2020 ഡിസംബർ 25-ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന്‌ സമീപത്തുവെച്ച് അനീഷിനെ സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതരസമുദായത്തിൽപ്പെട്ട അനീഷ് ഹരിതയെ വിവാഹംകഴിച്ചതിൽ ഹരിതയുടെ വീട്ടുകാർക്കുണ്ടായ നീരസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയിട്ടും കൂസലില്ലാതെയാണ് പ്രതികളായ സുരേഷും പ്രഭുകുമാറും കോടതിയിൽ വിധികേൾക്കാൻ എത്തിയത്. ശനിയാഴ്ചരാവിലെ പോലീസ്ജീപ്പ് ഒഴിവാക്കി ഓട്ടോറിക്ഷയിലാണ് പോലീസ് പ്രതികളെ കോടതിവളപ്പിൽ എത്തിച്ചത്.

വിധികേൾക്കാനായി അനീഷിന്റെ ഭാര്യ ഹരിത, മാതാപിതാക്കളായ ആറുമുഖൻ, രാധ, സഹോദരങ്ങൾ എന്നിവർ കോടതിയിലെത്തിയിരുന്നു. “അനീഷിനെ കൊലപ്പെടുത്തിയവർക്ക് പരമാവധിശിക്ഷ കൊടുക്കണം” -ഹരിത കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുഴൽമന്ദം പോലീസ്‌സ്റ്റേഷനിൽവെച്ച് 90 ദിവസത്തിനകം അനീഷിനെ കൊലപ്പെടുത്തുമെന്ന ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ഭീഷണിമുഴക്കിയിരുന്നു. ഇതിനുശേഷം 88-ാം ദിവസം അനീഷ് കൊല്ലപ്പെട്ട സംഭവം മാധ്യമങ്ങളോട്‌ വിവരിക്കവേ ഹരിതയും അനീഷിന്റെ അമ്മ രാധയും പൊട്ടിക്കരഞ്ഞു.