ബിനോയി ജോസഫ്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സമുചിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.  ചിൽഡ്രൻസ് ഡേ സന്ദേശവുമായി മലയാളിയുടെ സൈക്കിൾ പര്യടനം ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്. ഇത് നടക്കുന്നത് കേരളത്തിലല്ല. കർണാടകയിലെ വീഥികളിലൂടെയാണ് മലയാളിയായ എയർഫോഴ്സ് ഓഫീസർ ഇക്കോ ഫ്രണ്ട്ലി സൈക്കിൾ റൈഡ് നടത്തുന്നത്. നവംബർ 11 ന് ആരംഭിച്ച യാത്ര ശിശുദിനമായ ഇന്ന് നവംബർ 14 ന് സമാപിക്കും. ബാല്യകാലത്തിൽ കുട്ടികളെ കളിച്ചും ആനന്ദിച്ചും  വളരാനനുവദിക്കുക, അവരുടെ ബാല്യം അവർക്കായി നല്കുക, കുട്ടികളെ സ്നേഹിക്കുക, അവരെ വിദ്യാസമ്പന്നരാക്കുക, ശരിയായ മാർഗത്തിൽ നയിക്കുക, മൂല്യങ്ങളിൽ വളർത്തുക എന്ന സന്ദേശവുമായാണ്  മുരളി വിശ്വനാഥൻ ഒറ്റയാൾ പര്യടനം നടത്തുന്നത്. “മിഷൻ 2018” എന്നു പേരിട്ടിരിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കിയാണ് സജ്ജമാക്കിയിരിക്കുന്നത്.

സാഹിത്യ രംഗത്ത് നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. ബാലരമ, കളിക്കുടുക്ക, ചമ്പക്ക്, മിന്നാമിന്നി തുടങ്ങി ബാലമാസികകളിലും കുട്ടികളോട് സംവദിക്കുന്ന കഥകളും കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി സമ്മാനങ്ങളുമായിട്ടാണ് മുരളി വിശ്വനാഥന്റെ ഇത്തവണത്തെ സഞ്ചാരം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികൾക്ക് പുരസ്കാരങ്ങളും അദ്ദേഹം പര്യടനത്തിൽ വിതരണം ചെയ്യുന്നുണ്ട്. സൈക്കിളിലുള്ള യാത്രയായതിനാൽ യാത്രാച്ചിലവുമില്ല. ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതെ ഇക്കോ ഫ്രണ്ട്‌ലി യാത്രയാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2003 ലാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ഊന്നൽ നല്കി സൈക്കിൾ യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ൽ പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശമുയർത്തിയും തുടർന്ന് അവയവദാനം, സല്യൂട്ട് സോൾജിയേഴ്സ്, ആരോഗ്യം സമ്പത്ത്, സ്ത്രീകളെ ബഹുമാനിക്കുക, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സന്ദേശങ്ങളുമായി സൈക്കിൾ യജ്ഞങ്ങൾ ഓരോ വർഷവും തുടർന്നു. 1300 കിലോമീറ്റർ 11 ദിവസങ്ങൾ കൊണ്ട് സൈക്കിളിലും 5000 കിലോമീറ്റർ ഒൻപതു ദിവസങ്ങൾ കൊണ്ട് ബൈക്കിലും, പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുരളി വിശ്വനാഥൻ താണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വികാരപരമായും ശക്തരാകുവാൻ കുട്ടികളെ തയ്യാറാക്കാൻ നമുക്ക് കടമയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ എളിയ പരിശ്രമങ്ങൾ സഹായിക്കുമെന്ന പ്രത്യാശയിലാണ് മുരളി വിശ്വനാഥൻ. സ്വന്തം കുടുംബവും സുഹൃത്തുക്കളും മുരളി വിശ്വനാഥന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്.

ഇൻഡ്യൻ എയർ ഫോഴ്സിൽ 1986 മുതൽ 2006 വരെ സേവനം അനുഷ്ഠിച്ച മുരളി വിശ്വനാഥൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അഡ്വഞ്ചർ സൈക്ളിംഗിലൂടെ സാമൂഹ്യ സേവനം നടത്തുന്ന മുരളി വിശ്വനാഥനെ ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുണ്ട്.