മണമ്പൂര്‍ സുരേഷ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കാലയളവില്‍, ‘വൈസ്രോയ്‌സ് ഹൗസ്’ എന്ന ചിത്രവുമായി വരികയാണ് ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരിയായ ഗുരീന്ദര്‍ ഛദ്ദ. സ്വാതന്ത്ര്യ സമര കാലവും തുടര്‍ന്നു നടന്ന വിഭജനവും ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹവും കൂട്ടക്കുരുതിയും ചലച്ചിത്ര സംവിധായകരുടെയും ചരിത്ര കാരന്മാരുടെയും അക്ഷയ ഖനിയാണ്. ചരിത്രം വിജയിച്ചവരുടെ സൃഷ്ടടി ആയിരിക്കെ ഗുരീന്ദര്‍ ഛദ്ദ മറ്റോരു പാഠഭേദം അവതരിപ്പിക്കുകയാണ്. ‘വൈസ്രോയ്‌സ് ഹൗസ് ഇപ്പോള്‍ ഇവിടെ തിയേറ്ററില്‍ റിലീസ് ആയിരിക്കയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനും അത് നടപ്പിലാക്കാനും ചുമതലപ്പെടുത്തി ലണ്ടനില്‍ നിന്നും അയക്കുന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെയും അദ്ദേഹത്തിന്റെ പത്‌നി എഡ്വീന മൗണ്ട് ബാറ്റന്റെയും ഔദ്യോഗിക വസതിയാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. വൈസ്രോയിയുടെ വസതിക്കകത്തും അതിനു ചുറ്റും ചരിത്രം പിറവിയെടുക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയാണ് ജനം വിശ്വസിക്കുന്നത്. ഒരു പക്ഷെ മൗണ്ട് ബാറ്റന്‍ പോലും അത് വിശ്വസിച്ചിരുന്നു. ചരിത്രത്തിന്റെ യഥാര്‍ഥ തിരക്കഥ എഴുതുന്നത് അവിടെയെങ്ങുമല്ല എന്ന കാര്യം മൗണ്ട്ബാറ്റന്‍ പോലും അറിയുന്നില്ല. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളെപ്പോലെ ബ്രിട്ടന്റെ സാമ്രാജ്യ താല്‍പര്യങ്ങളുടെ ഇരയായി മാറുകയാണ് മൗണ്ട്ബാറ്റന്‍.
അഞ്ചു മാസം തികച്ചു ഇല്ലാത്തപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന, ഭരണം കൈമാറുന്ന ചുമതലയുമായി ദല്‍ഹിയില്‍ എത്തുന്ന മൗണ്ട്ബാറ്റന്‍ പല അനുരഞ്ജന ചര്‍ച്ചയിലും ഏര്‍പ്പെടുന്നു. ആദ്യ പ്രധാന മന്ത്രി ആയി ജിന്നയെ കൊണ്ടുവരണം എന്ന അനുരഞ്ജനം തന്നെ നെഹ്രുവും സംഘവും എതിര്‍ക്കുന്നു. നെഹ്റു ജിന്ന തര്‍ക്കങ്ങളുടെ ഉള്ളറകളിലെക്കൊന്നും ചിത്രം പോകുന്നില്ല.
ഇന്ത്യയെ വിഭജിക്കണം എന്ന മുസ്ലിം ലീഗിന്റെ വാദം ശക്തമായതോടെ മൌണ്ട് ബാടനും അസംത്രുപ്തിയോടെ അതംഗീകരിക്കുകയും വിഭജനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുകയാണ്.
തുടര്‍ന്ന് ബൗണ്ടറി കമ്മീഷന്റെ നിയമനവും ഒരു രാജ്യത്തെ എങ്ങനെ വെട്ടി മുറിക്കണം എന്നറിയാതെ കുഴയുന്ന ഏകാംഗ കമ്മീഷനെയുമാണ് നാം കാണുന്നത്. സ്വാതന്ത്യ ദിനത്തോട് കൂടുതല്‍ അടുക്കുന്തോറും എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയാണ് ബൗണ്ടറി കമ്മീഷന്‍. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകള്‍ ഇവിടെ തുടങ്ങുകയാണ്.
ഇവിടെ മൗണ്ട് ബാറ്റനും എഡ്വീന മൗണ്ട് ബാറ്റനും വെറും കഥാപാത്രങ്ങള്‍ മാത്രം ആയി മാറുന്നു. അവരൊന്നും അറിയാതെ ജനറല്‍ ഹെയ്‌സ്റ്റിങ്ങ്‌സ് ബൗണ്ടറി കമ്മീഷനു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ഇന്ത്യയെ എങ്ങനെ വിഭജിക്കണം എന്ന മാപ്പോട് കൂടി. തയ്യാറാക്കിയത് രണ്ടു വര്‍ഷം മുന്‍പ് 1945 ഇല്‍ മറ്റൊരു പ്രൈം മിനിസ്റ്റര്‍- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ലണ്ടനില്‍ വച്ചും! അങ്ങനെ ഇന്ത്യാ വിഭജനത്തിന്റെ തിരക്കഥ മൗണ്ട് ബാറ്റന്‍ പ്ലാന്‍ എന്ന പേരില്‍ മൗണ്ട് ബാറ്റന്‍ പോലും അറിയാതെ ലണ്ടനില്‍ രചിക്കപ്പെടുക ആയിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രബലമായിരുന്ന ഒരു കാലയളവില്‍ ബ്രിട്ടന്റെ വ്യവസായ വ്യാപാര സൈനികതന്ത്ര താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇന്ത്യാ വിഭജനത്തിന്റെ രൂപ രേഖ തയാറാക്കിയത്. അങ്ങനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗ്രാന്റ് ഡിസൈന്‍ ലണ്ടനില്‍ രൂപം കൊണ്ടു. പുതുതായി പുറത്ത് വന്ന ഔദ്യോഗിക രേഖകള്‍ ആധാരമാക്കിയാണ് സംവിധായിക ഈ നിഗമനത്തില്‍ എത്തിയത്.
ചരിത്രം വിജയിച്ചവരുടെ സൃഷ്ട്ടി ആകുമ്പോള്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു വനിതയുടെ പിന്മുറക്കാരി സ്വാതന്ത്ര്യത്തിനും ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടനില്‍ നിന്നുകൊണ്ട് പറയുകയാണ് ചരിത്രം നിങ്ങള്‍ പറയുന്ന വഴിക്കല്ല ഇങ്ങനെയും കാണാമെന്നു. ചരിത്രം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ഒരു പിടിച്ചുപറ്റല്‍ കൂടി ആണ്. ഹ്യൂ ബോനെവേല്‍ മൗണ്ട് ബാറ്റനായും, ജിലിയന്‍ ആന്‍ഡേഴ്‌സണ്‍ എഡ്വിന മൌണ്ട് ബാറ്റനായും ഹൃദ്യമായഭിനയിക്കുന്നു. ഹിന്ദു മുസ്ലിം പ്രേമ കഥ ചിത്രത്തില്‍ കൊണ്ട് വരുന്നത് ഇന്ത്യയിലെ ഹുമ കുരെഷിയിലൂടെയും, മനീഷ് ദയാലിലൂടെയുമാണ്. ഓം പുരിയുടെ അവസാനത്തെ ചിത്രമാകാമിത്. മൈക്കല്‍ ഗാമ്പന്‍ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് നടീനടന്മാരുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ”ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം” സംവിധാനം ചെയ്ത ഗുരീന്ദര്‍ ചധയുടെ ‘വൈസ്രോയ്‌സ് ഹൗസ്’. എ.ആര്‍. റഹ്മാന്റെതാണ് സംഗീതം.