ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. ഇതിന് മുന്നോടിയായി വിജയിയെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.

വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഒരു എഡിജിപി ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ജനുവരി 12 ന് നടന്ന ആദ്യ ചോദ്യം ചെയ്യലിൽ വിജയ്‌ക്ക് മുന്നിൽ 90 ചോദ്യങ്ങൾ സിബിഐ ഉന്നയിച്ചിരുന്നു. അന്ന് നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യൽ. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വേദിയിലേക്കുള്ള വൈകിയെത്തൽ, തിരക്കിനിടയിലും പ്രസംഗം തുടർന്നത്, ജനങ്ങളെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ, സംഭവത്തിന് ശേഷം ഉടൻ ചെന്നൈയിലേക്ക് മടങ്ങിയതെന്ത് തുടങ്ങിയ കാര്യങ്ങളിലാണ് സിബിഐ വിശദീകരണം തേടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴികൾ സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളും വിജയ് നൽകുന്ന വിശദീകരണങ്ങളും തമ്മിൽ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിജയിയെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയ രംഗത്ത് വിമർശനങ്ങളും ഇത് സമ്മർദ്ദ തന്ത്രമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. നിലവിൽ സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും, കുറ്റപത്രത്തിൽ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.