ലണ്ടന്‍: വിജയ് മല്യക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കേസിലാണ് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ട് ഈ പരാമര്‍ശം നടത്തിയത്. മല്യയുടെ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കാണ് വിമര്‍ശനം. ഇന്ത്യ എപ്പോഴെങ്കിലും തങ്ങളുടെ പ്രതികരണത്തില്‍ കൃത്യത പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ആറു മാസം സമയമുണ്ടായിട്ടും കഴിഞ്ഞ ആറാഴ്ചകളില്‍ ആവശ്യത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോണ്‍ വാറ്റ്കിന്‍സ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുമേഖലാ ബാങ്കുകൡ നിന്ന് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ കേസ് ഉള്‍പ്പെടെയുള്ളവ ഈ അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് മല്യക്ക് കോടതി ഇളവ് നല്‍കി. ഡിസംബര്‍ 4 വരെ മല്യയുടെ ജാമ്യം നീട്ടി നല്‍കാനും കോടതി ഉത്തരവിട്ടു.
ഡിസംബര്‍ നാലിനായിരിക്കും കേസില്‍ അന്തിമ വിചാരണയെന്നാണ് കരുതുന്നത്. സിബിഐക്ക് സംഭവിച്ച് വലിയ പരാജയമായാണ് ഇത് പരിഗണിക്കുന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ കബളിപ്പിച്ചതും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. ഏപ്രിലില്‍ ലണ്ടനില്‍ അറസറ്റിലായതിനു ശേഷം മല്യ ജാമ്യത്തില്‍ കഴിയുകയാണ്.
Leave a Reply