തമിഴ്നാട്ടിൽ വിഴുപുരത്ത് പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി തീവച്ചു കൊന്നു. അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തുമാണ് കൊടും ക്രൂരത കാട്ടിയത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് വിഴുപുരം പൊലീസിന്റെ വാദം.
വിഴുപുരം സിറുമരുതൈ ഗ്രാമത്തില്‍ നിന്നുള്ള ക്രൂരതയില്‍ നടുങ്ങി നില്‍ക്കുകയാണ് തമിഴകം ഒന്നാകെ. നിസാര വഴക്കിന്റെ പേരില്‍ പതിനഞ്ചുകാരിയെ കൈകള‍്‍ പിറകിലോട്ടു കെട്ടി വായില്‍ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു കത്തിച്ചു. ഗ്രാമത്തില്‍ പെട്ടികട നടത്തുന്ന ജയപാലിന്റെ മകള്‍ ജയശ്രീയാണ് കൊല്ലപെട്ടത്. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പെണ്‍കുട്ടി.
ഈ സമയത്ത് പ്രാദേശിക അണ്ണാ ഡി.എം.കെ നേതാവ് ജി.മുരുകന്‍ , കാളിയ പെരുമാള്‍ എന്നിവരെത്തി സാധനങ്ങള്‍ ആവശ്യപെട്ടു വഴക്കായി. പെണ്‍കുട്ടിയെ പിടികൂടിയ സംഘം കൈകള്‍ രണ്ടും പിറകിലേക്കു ബന്ധിച്ചു. വായില്‍ തുണി തിരുകി മണ്ണണ്ണ ഒഴിച്ചു കത്തികുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.
ജയപാലിന്റെ സഹോദരനെ എട്ടുവര്‍ഷം മുമ്പ് മുരുകനും സംഘവും കൊലപെടുത്തിയിരുന്നു. ഇതേ തുടർന്ന് കുടുംബങ്ങള്‍ തമ്മില്‍ വഴക്കും ശത്രുതയുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മുരുകനെയും കാളിയപെരുമാളിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുടുംബത്തിനു നീതി കിട്ടണമെന്നാവശ്യപെട്ടു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
Leave a Reply