സംഗീതം, എത്ര പഠിച്ചാലും തീരാത്ത അനന്തസാഗരമാണ്. ആ സാഗരത്തിന്റെ തിരകള്‍ യുകെയിലേക്കും എത്തുകയാണ് ആരാധകഹൃദയങ്ങള്‍ കീഴടക്കിയ യുവഗായകന്‍ വില്‍ല്‍സ്വരാജിലൂടെ. അവിചാരിതമായിരുന്നു വില്‍സ്വരാജിന്റെ സംഗീത നേട്ടങ്ങള്‍. ‘എല്ലാം ദൈവനിശ്ചയം’ എന്ന് പറഞ്ഞ് വിനയാന്വിതനാരുന്ന ഈ ഗായകന്റെ മധുര ശബ്ദത്തിനായി ബ്രിസ്റ്റോളിലെയും കവന്‍ട്രിയിലെയും സംഗീത പ്രേമികള്‍ കാത്തിരിക്കുകയാണ്യ വില്‍സ്വരാജിലെ സംഗീതജ്ഞനെ ഒരുപക്ഷെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ തിരിച്ചറിഞ്ഞത് വൈറലായ ഒരു വീഡിയോ വഴിയായിരിക്കും. ‘ഹരിമുരളീരവം’ എന്ന ഗാനം മനംകവരുന്ന രീതിയില്‍ പാടുമ്പോള്‍ ഒരുപക്ഷെ വില്‍സ്വരാജ് പോലും പ്രതീക്ഷിച്ചിരിക്കില്ല തന്നെ കാത്തിരിക്കുന്ന ആരാധകരെക്കുറിച്ച്. ആ വില്‍സ്വരാജ് ഇന്ന് ചലച്ചിത്ര പിന്നണി ഗായകനിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.
സംഗീതത്തെ അളവറ്റ് സ്‌നേഹിച്ച ആ പ്രതിഭയ്ക്ക് കൈനിറയെ അവസരങ്ങളും ലഭിച്ചു. പ്രമുഖരായ നിരവധി സംഗീത സംവിധായകര്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത സംഗീത സംവിധായകരായ എം.ജി. രാധാകൃഷ്ണന്‍, ജോണ്‍സണ്‍, എം.കെ.അര്‍ജുനന്‍, വിദ്യാധരന്‍, ജെറി അമല്‍ദേവ്, മോഹന്‍ സിതാര, പ്രേംകുമാര്‍ വടകര തുടങ്ങി സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് വില്‍സ്വരാജിന്റെ ഗാനമാധുര്യം ജീവനേകി. മലയാളത്തിലെ പ്രതിഭാധനരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വില്‍സ്വരാജിനെ അന്യഭാഷാ സംഗീതജ്ഞരും തേടിയെത്തി. തമിഴിലെ പ്രമുഖ സംഗീത സംവിധായകരുടെ നിരവധി ഗാനങ്ങള്‍ വില്‍സ്വരാജിന്റെ ശബ്ദത്തില്‍ ലോകം ആസ്വദിച്ചു. കോളിംഗ്‌ബെല്‍, ഞാന്‍ സഞ്ചാരി, കണി, സുഖമാണോ ദാവീദേ എന്നീ ചിത്രങ്ങളിലും മൊഴി മാറ്റ ചിത്രങ്ങളായ മല്ലനും മാതേവനും, ബ്രഹ്മാണ്ഡം എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടി. പതിനാറു വര്‍ഷത്തെ സംഗീത ജീവിതത്തിനിടെ ആല്‍ബങ്ങള്‍, ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 2520 ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചു കഴിഞ്ഞു.
പക്ഷെ ഏത് ഗായകനും സൗഭാഗ്യമായി കരുതുന്ന സിനിമാ പിന്നണി രംഗത്ത് പാടാന്‍ അവസരം ലഭിച്ചതിനേക്കാള്‍ ഈ ഗായകന്‍ വിലകല്‍പിക്കുന്നത് മറ്റൊന്നിനാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പവും, ഹരിഹരന്‍, കെ എസ് ചിത്ര തുടങ്ങിയ പ്രമുഖ ഗായകര്‍ക്കൊപ്പം പാടാനും, വേദി പങ്കിടാനും ലഭിച്ച അസുലഭ മുഹൂര്‍ത്തങ്ങള ഒരു അനുഗ്രഹമായി വില്‍സ്വരാജ് വിശേഷിപ്പിക്കുന്നു.
ശൈശവം തൊട്ടേ അനുഭവിച്ചു പോന്ന അഗ്നിപരീക്ഷണങ്ങള്‍ക്കിടയില്‍ ഈശ്വരന്‍ നല്‍കിയ വരദാനമായിരുന്നു വില്‍സ്വരാജിന് സംഗീതം. അഭൗമമായ ശബ്ദമാധുര്യം തിരിച്ചറിഞ്ഞ അധ്യാപകര്‍ പ്രോത്സാഹനം നല്‍കി. ജില്ലാ കലോത്സവത്തില്‍ ലളിത ഗാനത്തിന് ഒന്നാമതെത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയിലുമെത്തി. വിവിധ ജില്ലകളിലെ കലാപ്രതിഭകളെ പിന്നിലാക്കി അവിടെയും ലളിത ഗാന മത്സരത്തില്‍ വിജയം കൈവരിച്ചപ്പോള്‍ അത് തനിക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു തന്ന ഗുരുവിനും സുമനസുകളായ അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയായി സമര്‍പ്പിച്ചു ഈ ഗായകന്‍. ഇടുക്കി ജില്ലയുടെ അഭിമാനമായി മാറിയ വില്‍സ്വരാജ് എന്ന ഗായകന് പിന്നീട് സംഗീതത്തിന്റെ വിജയരഥത്തിലേറിയുള്ള യാത്രയായിരുന്നു.
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കു, അവര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആലപിക്കുക. എല്ലാവരുടെയും പ്രശംസയും അഭിനന്ദനങ്ങളഉം ഏറ്റുവാങ്ങുക, ഈ സൗഭാഗ്യങ്ങളെല്ലാം തേടിയെത്തുമ്പോഴും എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി മാത്രമാണ് വില്‍സ്വരാജ് കരുതുന്നത്. ഗാനഗന്ധര്‍വന്റെ ഗാനങ്ങള്‍ പുതുമയാര്‍ന്ന ശബ്ദത്തില്‍ വില്‍സ്വരാജ് ആലപിക്കുമ്പോള്‍ വശ്യമായ അനുഭൂതി അനുഭവിച്ചറിഞ്ഞ സദസുകള്‍ ഇദ്ദേഹത്തെ തുടര്‍ച്ചയായ പരിപാടികള്‍കള്‍ക്കായി ക്ഷണിക്കുന്നു. ഇതിനോടകം അമേരിക്ക, ദുബൈ, കുവൈറ്റ്, സിംഗപ്പൂര്‍, ഖത്തര്‍, ബഹ്‌റൈന്‍, ദോഹ എന്നീ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും ശ്രമത്തിനുമൊടുവിലാണ് വില്‍സ്വരാജിന്റെ സ്വരരാഗമാധുരി യു കെ മലയാളികള്‍ക്ക് അനുഭവിക്കാന്‍ അവസരമൊരുങ്ങുന്നത്. ജൂണ്‍ 11ന് ബ്രിസ്റ്റോളിലും, 23ന് കവന്‍ട്രിയിലും വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കും. യുകെയിലേക്കുള്ള വില്‍സ്വരാജിന്റെ പ്രഥമ കാല്‍വെയ്പിന് വഴിയൊരുക്കുന്നത് യുകെയിലെമ്പാടും ആഴത്തില്‍ വേരുകളുള്ള, ഫോട്ടോഗ്രാഫിയില്‍ മാന്ത്രിക സ്പര്‍ശം കാഴ്ച വയ്ക്കുന്ന ‘ബെറ്റര്‍ ഫ്രെയിംസ്’ ആണ്.
പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗത്ഭരായ മോര്‍ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്. ജൂണ്‍ 11 ബ്രിസ്‌റ്റോള്‍, ജൂണ്‍ 23 കവന്‍ട്രി, ജൂണ്‍ 25ന് ന്യൂകാസില്‍, ജൂണ്‍ 30ന് സ്വിന്‍ഡന്‍, ജൂലൈ 9ന് ഗ്ലൗസെസ്റ്റര്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ ബുക്കിങ്ങിനായി ബന്ധപ്പെടുക. രാജേഷ് നടേപ്പിള്ളി (ബെറ്റര്‍ ഫ്രെയിംസ് യുകെ) ; 00447951263954
ജൂണ്‍ 11ന് ബ്രിസ്റ്റോളില്‍ നടക്കുന്ന വില്‍സ്വരാജിന്റെ പ്രഥമ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നാടേപ്പിള്ളി അറിയിച്ചു.
വിശദ വിവരങ്ങള്‍ക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക:
രാജേഷ് നടേപ്പിള്ളി: 00447951263954
രാജേഷ് പൂപ്പാറ: 00447846934328
Leave a Reply