മഞ്ചേരി കൂമങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്നു യുവതി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് കൂമംകുളം കളത്തിൽ പ്രസാദിനെ (40) കുടുക്കിയത് മക്കൾ നൽകിയ മൊഴി. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ച് ചുമരിൽ തലയിടിച്ചു വീണാണ് കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) മരിച്ചത്. വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് വിനിഷ തലയടിച്ചു വീണതെന്നു കുട്ടികൾ മൊഴി നൽകി. മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ വിവരം അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മകളുടെ മരണം െകാലപാതകമാണെന്നു സംശയിക്കുന്നുവെന്ന വിനിഷയുടെ പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രസാദ് അറസ്റ്റിലായത്. അമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നെന്നും സ്ഥിരമായി അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടെന്നുമുള്ള കുട്ടികളുടെ മൊഴി അയൽവാസികളും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം വിനിഷയുടെ ഫോൺ പരിശോധിക്കാൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രസാദ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളി. വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. പതിനൊന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ദമ്പതികൾക്കു വൈഗ (9) ആദിദേവ്(5) കിച്ചു( രണ്ടര) എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ട്.
Leave a Reply