എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.