പ്രസവമുറിയില്‍ തങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷകള്‍ക്കുമായി ഒപ്പം നില്‍ക്കുന്ന നഴ്‌സുമാരെ അമ്മമാരായവര്‍ ആരും മറക്കില്ല. ഏറ്റവും വേദന നിറഞ്ഞ സമയത്ത് തങ്ങളെ താങ്ങാനും ടോയ്‌ലെറ്റില്‍ പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലും സഹായിക്കാനും ഈ മാലാഖമാരാണ് ഒപ്പമുണ്ടാകാറുള്ളത്. ഈ വികാരമാണ് വൈറലായ പ്രസവമുറിയിലെ നഴ്‌സിന്റെ ചിത്രത്തിനു ലഭിച്ച ഷെയറുകള്‍ വ്യക്തമാക്കുന്നത്. കാറ്റി ലേസര്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രത്തിന് 56000ലേറെ ഷെയറുകളാണ് ലഭിച്ചത്.

നാലു കുട്ടികളുടെ അമ്മയും എഴുത്തുകാരിയുമായ ജില്‍ ക്രോസ് ഈ ഫോട്ടോക്കൊപ്പെം തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്രോസിന്റെ പോസ്റ്റ് മാത്രം 56,000 തവണ ഷെയര്‍ ചെയ്യപ്പെട്ടു. പ്രസവ സമയത്ത് തനിക്കൊപ്പം ബാത്ത്‌റൂമില്‍ വരെ സഹായത്തിന് എത്തിയ നഴ്‌സിനെക്കുറിച്ചാണ് ഇവര്‍ എഴുതിയത്. പിന്നാലെ നിരവധി അമ്മമാരാണ് തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയത്. പ്രസവ സമയത്ത് തന്റെ കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്ന നഴ്‌സിന്റെ കുപ്പായം കണ്ടപ്പോള്‍ താന്‍ ക്ഷമ പറഞ്ഞ കഥയാണ് ലെയ് കാത്ത്‌ലീന്‍ കുറിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാല്‍ തന്റെ കുപ്പായത്തില്‍ മുഴുവന്‍ ജീവിതങ്ങളാണ് നിറഞ്ഞിരിക്കുന്നത് എന്നായിരുന്നു നഴ്‌സിന്റെ മറുപടി. ബാത്ത്‌റൂമില്‍ തനിക്കൊപ്പം എത്തിയ നഴ്‌സ് മടിയൊന്നും കൂടാതെ തന്റെ കാലുകള്‍ വൃത്തിയാക്കിയതും മറ്റും ടിഫാനി ബാണ്‍സ് കുറിച്ചു. ജീവിതത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമെന്ന് കരുതാവുന്ന ഘട്ടത്തില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യം പോലുമില്ലാത്തിടത്താണ് ഒരു മുന്‍പരിചയവുനില്ലാത്ത ഇവര്‍ താങ്ങായി മാറുന്നത്. നഴ്‌സിംഗ് പ്രൊഫഷന്റെ മാഹാത്മ്യവും ഇത്തരം അനുഭവങ്ങള്‍ തന്നെയാണ്.