റാഞ്ചി ടെസ്റ്റില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തോളെല്ലിലെ പരുക്കിനെ പരിഹസിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍മാക്‌സ് വെല്ലിനേയും നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പരുക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്ലിയെ അനുകരിച്ചായിരുന്നു സ്മിത്തിന്റേയും മാക്സ്വെല്ലിന്റേയും പരിഹാസം.
ഇതിനു മറുപടി എന്നപോലെ കിട്ടി അവർക്കും തിരിച്ചു പണി. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 58-ാം ഓവറിലാണ് സംഭവം. ഇന്ത്യന്‍ സ്‌കോര്‍ ഒന്നിന് 149. ക്രീസിലുള്ളത് ചേതേശ്വര്‍ പൂജാരയും മുരളി വിജയും. സ്പിന്നര്‍ ഒക്കീഫെയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ പൂജാരയുടെ എല്‍ബിഡബ്ലിയുവിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ വിളിച്ചു. എന്നാല്‍ അമ്പയര്‍ ഔട്ടല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ സ്മിത്ത് ഡിആര്‍എസ് വിളിച്ചു.
പരിശോധനയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ കൊണ്ടാണ് പാഡില്‍ തട്ടിയതെന്ന് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം ശരിവെച്ച് തേഡ് അമ്പയറുടെ ഫലം വന്നു. നോട്ടൗട്ട്. ആ സമയം ഡ്രെസിങ്ങ് റൂമില്‍ നിന്നിരുന്ന കോഹ്ലി, സ്മിത്തിന്റെ ഡിആര്‍എസ് വീഴ്ച്ച കയ്യടിച്ചാണ് ആഘോഷിച്ചത്.
81-ാം ഓവര്‍ വരെ ഒരു ഡിആര്‍എസ് മാത്രമേ ഓസീസിന് അവശേഷിച്ചിരുന്നുള്ളൂ. അത് പാഴായതിലുള്ള സന്തോഷമായിരുന്നു കോഹ്ലിയുടെ കയ്യടിയില്‍ പ്രതിഫലിച്ചത്.