ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം ദി ഡെയ്‌ലി ടെലിഗ്രാഫ്. ബാഗ്ലൂര്‍ ടെസ്റ്റില്‍ കോഹ്ലിയും കുബ്ലെയും അപമര്യാദയായി പെരുമാറിയെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദം കെട്ടടങ്ങും മുമ്പെയാണ് എരിതിയില്‍ എണ്ണയൊഴിച്ചുള്ള പത്രത്തിന്റെ ആരോപണങ്ങള്‍.

ഓസ്‌ട്രേലിയന്‍ അധികൃതനെ എനര്‍ജി ഡ്രിങ്ക് ബോട്ടില്‍ കൊണ്ട് തല്ലിയെന്നാണ് കോഹ്ലിക്കെതിരായ ആരോപണം. രണ്ടാം ഇന്നിംഗ്‌സിലെ കോഹ്ലിയുടെ പുറത്താകലില്‍ വിശദീകരണം തേടി കുബ്ലെ മാച്ച് ഒഫീഷ്യലുകളുടെ ബോക്‌സിലേക്ക് ഇരച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു. ഡിആര്‍എസ് റിവ്യൂവിലും കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതിന് പിന്നാലെ കുബ്ലെ ക്ഷുഭിതനായെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.

ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള മങ്കിഗേറ്റ് വിവാദത്തിന് പിന്നിലെ മുഖ്യ കാരണക്കാരനായി കുബ്ലെയെ ചിത്രീകരിക്കാനും പത്രം ശ്രമിക്കുന്നുണ്ട്. മങ്കിഗേറ്റ് വിവാദത്തിലേത് പോലെ ബാഗ്ലൂര്‍ ടെസ്റ്റില്‍, അണിയറയ്ക്ക് പിന്നിലെ പാവക്കളിക്കാരന്റെ വേഷം കുബ്ലെ വീണ്ടും എടുത്തണിഞ്ഞെന്നാണ് പത്രത്തിന്റെ വിമര്‍ശനം.

ഓസ്‌ട്രേലിയന്‍ ബോക്‌സിലേക്ക് നോക്കി ഹാന്‍ഡ്‌സ്‌കോമ്പിനെ ഉന്നമിട്ട് കഴുത്ത് കീറുമെന്ന ആംഗ്യം കാട്ടിയെന്നാണ് കോഹ്ലിയ്‌ക്കെതിരായ മറ്റൊരു ഗുരുതര ആരോപണം. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന്‍ രണതുംഗയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്ലി. ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.