ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടിയേറ്റത്തിനെതിരായ കർശന നടപടികളുടെ ഭാഗമായി പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ നിയമങ്ങൾ കർശനമാക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിപക്ഷവും ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ പ്രവേശിക്കുകയും പിന്നീട് സ്ഥിരമായി താമസിക്കാൻ അഭയം തേടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻെറ ഈ നീക്കം. നിലവിലെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ഒരു പൂർണ്ണ പദ്ധതിക്ക് രൂപം നൽകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.പുതിയ മാറ്റങ്ങൾ വൈകാതെ തന്നെ ഹോം ഓഫീസ് പുറത്ത് ഇറക്കും.
2020 മുതൽ ഹോം ഓഫീസ് എക്സിറ്റ് ചെക്ക് ഡാറ്റ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, വിസ കാലാവധി കഴിഞ്ഞും തുടരാൻ സാധ്യതയുള്ളവർ ഏത് രാജ്യത്ത് നിന്നുള്ളവർ ആണെന്ന് ഇനിയും വ്യക്തമല്ല. പലപ്പോഴും യുകെയിൽ നിന്ന് പോകുന്നവരുടെ യാത്ര വിവരങ്ങൾ നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രാ രേഖകൾ കണ്ടില്ല എന്ന കാരണം കൊണ്ട് ആ വ്യക്തി രാജ്യത്ത് തുടരണം എന്നില്ല.
2023/24 ൽ, യുകെയിൽ ഏറ്റവും കൂടുതൽ അഭയം തേടിയവർ പാകിസ്ഥാൻ പൗരന്മാരാണ്. പാകിസ്ഥാനിൽ നിന്നുള്ള 10,542 പേരാണ് യുകെയിൽ അഭയം തേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ ശ്രീലങ്കയിൽ നിന്ന് 2,862 പേരും നൈജീരിയയിൽ നിന്ന് 2,841 പേരും യുകെയിൽ അഭയം തേടിയിട്ടുണ്ട്. ഇതേ കാലയളവിൽ, യുകെയിൽ 732,285 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഉള്ളവരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ തൊഴിൽ, പഠന വിസകളുടെ എണ്ണം കുറവാണ്. നേരത്തെ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രാബല്യത്തിൽ വരാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് അധികൃതർ പറയുന്നു. മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.
Leave a Reply