ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ കെട്ടിടനിർമ്മാണ തൊഴിലാളികൾ, കാർപ്പന്റർ, മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി വിസ നിയമങ്ങൾ ലഘൂകരിക്കുന്നു. ഇത് ആഭ്യന്തര ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിവുകൾ നികത്താൻ പാടുപെടുന്ന പ്രദേശങ്ങളിലെ വിസ നിയന്ത്രണങ്ങൾ താൽക്കാലികമായി ലഘൂകരിക്കുന്ന ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ കെട്ടിടനിർമാണ തൊഴിലാളികളെ ചേർക്കാൻ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി നിർദേശിച്ചു. ഈ ലിസ്റ്റിലുള്ള ആളുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളി വിസയ്ക്ക് (സ്കിൽഡ് വർക്കർ വിസ) അപേക്ഷിക്കാം . മത്സ്യബന്ധന വ്യവസായത്തിലെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ലിസ്റ്റിൽ ഉള്ളവർക്ക് വിസ ഫീസ് കുറവായിരിക്കും. അതേസമയം അപേക്ഷകർക്ക് സ്പോൺസേർഡ് ജോബ് ഓഫർ ആവശ്യമാണ്. കൂടാതെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ നിറവേറ്റുകയും വേണം. ഓരോ ആറ് മാസത്തിലും പട്ടിക അവലോകനം ചെയ്യും.

കഴിഞ്ഞ വർഷം നെറ്റ് മൈഗ്രേഷൻ റെക്കോർഡ് നിലവാരത്തിലെത്തിയതിന് ശേഷം യുകെയിലേക്കുള്ള കുടിയേറ്റം വളരെ ഉയർന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കുടിയേറ്റം കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് പൗരന്മാരെ തൊഴിൽ ക്ഷാമമുള്ള പ്രദേശങ്ങളിൽ പരിശീലിപ്പിക്കാൻ യുകെ ബിസിനസുകളോട് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാണ, മത്സ്യബന്ധന വ്യവസായത്തിൽ ഒഴിവുകൾ കുത്തനെ ഉയർന്നു. കോവിഡിന് മുമ്പുള്ള നിലയിൽ നിന്ന് നിർമ്മാണ മേഖലയിൽ ഒഴിവുകൾ 65% കൂടുതലാണെന്ന് കണ്ടെത്തി. നിർമ്മാണ തൊഴിലാളികളെ ലിസ്റ്റിൽ ചേർക്കുന്നത് മൊത്തത്തിലുള്ള കുടിയേറ്റ കണക്കുകളിൽ വലിയ മാറ്റമുണ്ടാക്കില്ലെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി പറയുന്നു.