വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍.
ഏതാണ്ട് 90 പേരാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്‌വീന്ദര്‍ സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Leave a Reply