കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. തൃശൂര്‍ ജില്ലയിലാണ് ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വാസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണ സങ്കല്‍പത്തില്‍ പൂജിക്കപ്പെടുന്ന ചതുര്‍ബാഹുവും ശംഖചക്രഗദാധാരിയുമായ മഹാവിഷ്ണു ഭഗവാനാണ്.
പാതാളാഞ്ജനം എന്ന അത്യപൂര്‍വവും വിശിഷ്ടവുമായ ശിലയില്‍ തീര്‍ത്തതാണ് ഇവിടുത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവര്‍ക്കും ദേവകിക്കും കാരാഗൃഹത്തില്‍ വച്ച് ദര്‍ശനം നല്‍കിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഹിന്ദു നിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകള്‍ക്കും വ്യത്യാസം കാണാന്‍ കഴിയും. പുറകിലെ വലതുകയ്യില്‍ ശംഖ്, മുമ്പിലെ ഇടതുകയ്യില്‍ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാര്‍ദ്ദനന്‍ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ്.
വിഷുവും ഗുരുവായൂരപ്പ ദര്‍ശനവും
വിഷു ദിനത്തില്‍ ഭഗവാനെ കണികാണാന്‍ ആയിരങ്ങള്‍ എത്തുന്നു. എല്ലാ ദിവസവും മൂന്ന് മണിക്ക് തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം. വിഷു ദിനത്തില്‍ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേല്‍ശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീര്‍ത്ഥത്തില്‍ കുളിച്ച് വച്ച് കണിയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
ശ്രീകോവിലിന്റെ മുഖ മണ്ഡപത്തില്‍ അഞ്ചുവെള്ളിക്കവര വിളക്കുകള്‍ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വര്‍ണസിംഹാസനത്തില്‍ ആനത്തലേക്കെട്ടുവച്ച് അതിന്മേലാണ് സ്വര്‍ണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കുന്നത്.
Leave a Reply