ലണ്ടൻ:ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2023 മെയ് 11 മുതൽ 15 വരെ യുകെ (യുണൈറ്റഡ് കിങ്ഡം) സന്ദർശിച്ചു.
ഇഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മെയ് 11 വ്യാഴാഴ്ച വൈകിട്ട് എത്തിയ പരിശുദ്ധ പിതാവിന് മെത്രാപ്പോലീത്തമാരും, എം.എസ്.ഒ.സി യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകി. മെയ് 12ന് പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തപ്പെട്ടു.
യുകെയിലെ സഭയുടെ 36 പള്ളികളിൽ നിന്നുമുള്ള ആത്മീയ മക്കൾക്കായി മെയ് 13-ാം തീയതി ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി.
മലങ്കരയിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യ പിതാക്കമാരായ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, ഡോ. കുര്യാക്കോസ് മാർ തേയോഫിലോസ് മെത്രാപ്പോലിത്ത, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലിത്ത,യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വം വഹിച്ചു. ഭദ്രാസനത്തിലെ വൈദീകർ,കൗൺസിൽ അംഗങ്ങൾ,ഭക്ത സംഘടനകൾ തുടങ്ങി ഏകദേശം രണ്ടായിരത്തിൽ അധികം വിശ്വാസികൾ വി കുർബാനയിൽ പങ്കെടുത്തു.
മെയ് 13 ന് വൈകിട്ട് 4 മണിക്ക് പുതിയതായി പണി കഴിപ്പിച്ച മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികതത്വത്തിൽ നടത്തപ്പെട്ടു.
മെയ് 14-ാം തീയതി ഞായറാഴ്ച പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടു. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിന്റെ അധ്യക്ഷതയിൽ എം.എസ്.ഒ.സി യുകെ കൗൺസിൽ യോഗം ചേർന്നു. മെയ് 15ന് ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി പരിശുദ്ധ ബാവ തിരിച്ചു പോയി. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ,വിവിധ കമ്മിറ്റികളും മാഞ്ചെസ്റ്റർ സെൻറ് മേരീസ് പള്ളിയിലെ കമ്മിറ്റികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Leave a Reply