വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.

തെളിവെടുപ്പിനായി കിരണിനെ വിസ്മയയുടെ വീട്ടില്‍ കൊണ്ടുവരുമെന്നറിഞ്ഞ് വനിതാ സംഘടനകള്‍ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നില്‍ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്.

ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടിവരും. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോര്‍ട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ശുചിമുറിയിലെ ജനല്‍ക്കമ്പിയില്‍ വിസ്മയയെ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയത് കിരണ്‍ കുമാര്‍ മാത്രമാണ്. ജനല്‍ കമ്പിയില്‍ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കള്‍ എത്തിയതെന്നും കിരണ്‍ പറയുന്നു.

വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടില്‍ തന്നെയാണ് കിരണ്‍. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നിന്നു വെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ ശശികലയും ഡോ സീനയും റൂറല്‍ എസ്പി കെ ബി രവിയും പരിശോധന നടത്തി.

കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ. കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.