ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലുള്ള മലയാളികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി യുടെ അഭാവം. ജി .പി യുടെ കൈയ്യിൽ നിന്ന് വൈറ്റമിൻ ഡിയുടെ പ്രിസ്ക്രിപ്ഷൻ കിട്ടാത്ത മലയാളികൾ കുറവാണ്. ഇതിനുപുറമെ ഡോക്ടർമാർ വൈറ്റമിൻ ഡി ടാബ്ലറ്റ് ഫാർമസിയിൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഏഷ്യൻ വംശജരെ ഉപദേശിക്കാറുമുണ്ട്. വൈറ്റമിൻ ഡി നമുക്ക് പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാൽ മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജരുടെ സ്കിന്നിന് വൈറ്റമിൻ ഡി ആഗിരണം ചെയ്യാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് സൂര്യ പ്രകാശം കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വൈറ്റമിൻ ഡിയുടെ അഭാവവും, തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും സാധാരണമാണ്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ പകൽസമയത്ത് ഉറങ്ങുന്നതിനാൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കോവിഡ് -19 ന് വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ലോക്ക്ഡൗൺ സമയത്ത് കൂടുതൽ ആളുകളും വീടിനകത്ത് കഴിയുന്നതിനാൽ ശരീരത്തിൽ നിന്ന് വിറ്റാമിൻ ഡി നഷ്ടപ്പെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. സാധാരണഗതിയിൽ പുറത്ത് ജോലി ചെയ്യുമ്പോഴോ മറ്റോ സൂര്യപ്രകാശത്തിലൂടെയാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നത് . എന്നാൽ ലോക്ക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്ന ആളുകൾ ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിൻ ഡി കഴിക്കുന്നത് പരിഗണിക്കണമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച്‌ വരെയുള്ള ശൈത്യകാലത്ത് രാജ്യത്തെ ആളുകൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കണമെന്ന് നേരത്തെ തന്നെ എൻ എച്ച് എസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വർഷം മുഴുവനും വിറ്റാമിൻ ഡി ശുപാർശ ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ സ്കോട്ടിഷ് , വെൽഷ് സർക്കാരുകളും നോർത്തേൺ അയർലണ്ടിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും പൊതുജനങ്ങൾക്ക് സമാനമായ ഉപദേശം നൽകിയിട്ടുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യമുള്ള അസ്ഥികൾക്കും പല്ലുകൾക്കും പേശികൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗത്തിനും മുതിർന്നവരിൽ ഓസ്റ്റിയോമാലാസിയയ്ക്കും കാരണമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ബി‌എം‌ജെ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്തിലെ റിപ്പോർട്ട് അനുസരിച്ച് , “ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റ് എന്ന നിലയിൽ വിറ്റാമിൻ ഡിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒന്നായിട്ടല്ല, മറിച്ചു ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിറ്റാമിൻ ഡി ഉപയോഗിക്കണം.

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒന്ന് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 50 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒരു വയസ്സിന് താഴെ പ്രായമുള്ള ശിശുക്കൾക്ക് ഒരു ദിവസം 25 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒപ്പം മുതിർന്നവർ ഒരു ദിവസം 100 മൈക്രോഗ്രാമിൽ കൂടുതൽ കഴിക്കുകയുമരുത്. പക്ഷെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം രോഗികളായവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ അളവിൽ സ്വീകരിക്കാം. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാൻ കഴിയും. ഭക്ഷണത്തിൽ നിന്ന് മാത്രം വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും മുട്ട, മത്സ്യം, തൈര് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും. ആരോഗ്യവിദഗ്ധർ നിർദേശിച്ച 10 മൈക്രോഗ്രാം വിറ്റാമിൻ ഡി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ബാധകമാണ്.