വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിലായിരുന്ന പ്രതിയാണ് പിടിയിലായത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ ജാമ്യം എടുത്തശേഷം മുങ്ങുകയായിരുന്നു ഇയാള്‍. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷിനെ 21 കേസുകളിൽ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. വിതുര കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.
Leave a Reply