മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമ്പോൾ യുവതിയുടെ യുഎഇയിലെ സുഹൃത്തുക്കൾക്ക് സങ്കടമടക്കാനാകുന്നില്ല. ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നവരും പറയുന്നു.

മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നാട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നൽകിയത്.‌ ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

വൈകി വീട്ടിലെത്തിയതിനാൽ താൻ റിഫയോട് ദേഷ്യപ്പെട്ടിരുന്നുവെന്നായിരുന്നു മെഹ്നാസിന്റെ മൊഴി. മെഹ്നാസിന്റെയും സഹോദരന്റെയും പൂർണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരണത്തിൽ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും പൊലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാൽ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തിൽ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാൽ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോർട്ട് തയാറാക്കി പൊലീസ് മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു. പിന്നീട്, മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്. ബന്ധുക്കൾ നല്‍കിയ പരാതിയിന്മേലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേർന്നത്.

സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.

ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്ന് മെഹ്നുവിന്റെ സുഹൃത്ത് കോഴിക്കോട് സ്വദേശി ജംഷീദ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇൗ സമൂഹ മാധ്യമത്തില്‍ കൂടുതൽ സജീവമായി. പ്രത്യേകിച്ച് സ്ത്രീകളാണ് ടിക് ടോക്കിൽ നിറഞ്ഞുനിൽക്കുന്നത്. പലർക്കും ആയിരങ്ങൾ ഫോളോവേഴ്സായി വരികയും ഇത്തരം താരങ്ങൾ മായിക ലോകത്തെത്തപ്പെടുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ മായാപ്രപഞ്ചത്തെത്തി സ്വന്തം കുടുംബത്തെ പോലും മറന്നുപോകുകയും അത് പിന്നീട് വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഗൾഫിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിരവധി കൗമാരക്കാര്‍ സ്വയം ജീവനൊടുക്കിയിരുന്നു. പുറം ലോകം ഇതറിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് അടിമയായതാണ് എല്ലാത്തിനും കാരണമാകുന്നതെന്ന് നസീർ വാടാനപ്പള്ളി പറയുന്നു.