മാരുതിക്കും ബിഎംഡബ്ല്യുവിനും ശേഷം ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും കാറുകള്‍ തിരികെ വിളിക്കുന്നു. സിയറ്റ് അറോണ, സിയറ്റ് ഇബിസ, പോളോ തുടങ്ങിയ മോഡലുകളില്‍ കണ്ടെത്തിയ സുരക്ഷാപ്പിഴവിനെത്തുടര്‍ന്നാണ് നടപടി. അടുത്തിടെ വിറ്റഴിഞ്ഞ 28,000 കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഫിന്നിഷ് ഓട്ടോമോട്ടീവ് മാഗസിനായ ടെക്‌നികാന്‍ മാലിമയാണ് ഈ തകരാര്‍ കണ്ടെത്തിയത്. ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരക്ഷയ്ക്ക് പ്രധാന പരിഗണന കൊടുക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകുകയാണെന്നും ഫോക്‌സ്‌വാഗണ്‍ വക്താവ് പറഞ്ഞു.
പിന്‍ സീറ്റില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ ഇടതു സീറ്റ് ബെല്‍റ്റിന്റെ ബക്കിള്‍ റിലീസ് ചെയ്യുന്ന വിധത്തിലാണ് മിഡില്‍ സീറ്റിന്റെ ബക്കിള്‍ നില്‍ക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈസ്പീഡ് ലെയിനുകള്‍ മാറുന്നതിനിടയില്‍ ഇടതു സീറ്റ് ബെല്‍റ്റ് ഇതു മൂലം തനിയെ ഊരി മാറാനിടയുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം തിരിച്ചു വിളിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡിവിഎല്‍എ അറിയിച്ചു.
സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണെന്നുമാണ് ഡിവിഎല്‍എ വക്താവ് അറിയിച്ചത്. 2015ല്‍ മലിനീകരണ പരിശോധനയില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ ഫോക്‌സ് വാഗണ്‍ വിവാദത്തിലായിരുന്നു. ഈയാഴ്ച തുടക്കത്തില്‍ മറ്റൊരു ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇലക്ട്രിക്കല്‍ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ എന്‍ജിന്‍ നിന്നുപോകുന്ന പ്രശനം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചിരുന്നു. ബലേനോ, പുതിയ സ്വിഫ്റ്റ് മോഡലുകളാണ് മാരുതി തിരികെ വിളിച്ചത്.
Leave a Reply