അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. വേഗത കുറക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്ന് വ്യക്തമാണെങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലതെന്ന് കമ്പനി സിഇഒ ഹകാന്‍ സാമുവല്‍സണ്‍ പറഞ്ഞു.
ചൈനീസ് കമ്പനിയായ ഗീലിയാണ് ഇപ്പോള്‍ വോള്‍വോയുടെ ഉടമസ്ഥര്‍. തങ്ങള്‍ ഒരു സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പണിപ്പുരയിലാണെന്ന് വോള്‍വോ അറിയിച്ചു. ഒരു ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഇതിനൊപ്പമുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തെത്തുമ്പോള്‍ സ്വയം വേഗത കുറയ്ക്കുന്ന സംവിധാനമാണ് ഇത്. മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ചെറുക്കാനും അശ്രദ്ധമായുള്ള വാനമോടിക്കല്‍ തടയാനും കാറുകളില്‍ ഫേഷ്യല്‍ റെക്ഗ്നീഷന്‍ ക്യാമറ സ്ഥാപിക്കുന്ന പരിഗണനയിലാണെന്നും കമ്പനി വ്യക്തമാക്കി. 2016ല്‍ അമിതവേഗത മൂലം ബ്രിട്ടീഷ് റോഡുകളില്‍ 11570 അപകടങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ 349 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു.
പബ്ലിക് റോഡുകളില്‍ റേസിംഗ് കാറുകള്‍ ഓടിക്കുന്നതു പോലെയാണ് പലരും വാഹനമോടിക്കുന്നത്. വേഗത കുറയ്ക്കുന്നത് വോള്‍വോയിലെങ്കിലും ഈ ശീലം കുറയ്ക്കുന്നതിനാണെന്ന് സാമുവല്‍സണ്‍ പറഞ്ഞു. റേസര്‍മാര്‍ക്കുള്ള കാറല്ല വോള്‍വോയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ് സി 90 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് നിലവില്‍ 132 മൈലാണ് പരമാവധി വേഗത.
Leave a Reply