യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ? അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.
മിക്കവാറും ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബസ്സിലോ കാറിലോ ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി. എന്നാൽ ഇതിന്റെ കാരണം എന്താണെന്നു മിക്കവർക്കും അറിവില്ലതാനും. എന്താണ് യാത്രയ്ക്കിടയിലെ ഛർദ്ദിയ്ക്ക് കാരണം? നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു. ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും.
ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.
ഇനി എങ്ങനെ യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി ഇല്ലാതാക്കാം? ഒരു കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക. പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ യാത്രകൾ കൂടുതലായി ചെയ്തു തന്നെയേ ഈ പ്രവണത മാറുകയുള്ളൂ. ഉദാഹരണത്തിന് എന്റെയൊരു സുഹൃത്ത് 15 വയസ്സ് വരെ ബസ്സിൽ കയറിയാൽ ഛർദ്ദിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബസ്സിൽത്തന്നെ ധാരാളം യാത്രകൾ നടത്തുവാൻ തുടങ്ങി. അതോടെ ഛർദ്ദി എന്ന പ്രശ്നം അവനിൽ നിന്നും പതിയെ ഒഴിയുവാൻ തുടങ്ങി. അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൻ 24 മണിക്കൂർ ബസ് യാത്ര വരെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ നടത്തുകയുണ്ടായി. ഈ പറഞ്ഞ കാര്യം എല്ലാവരിലും പ്രവർത്തികമാകണം എന്നില്ല കേട്ടോ. ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം.
ഇനി കാര്യത്തിലേക്ക് തിരികെ വരാം. ചിലർ യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. മറ്റുള്ളവർ ഛർദ്ദിക്കുന്നതു കണ്ടിട്ട് ഛർദി വരുന്നവരും കുറവല്ല. ഇത്തരക്കാർ ഈ പ്രശ്നത്തിന് പ്രത്യേകം ചികിത്സയൊന്നും തേടേണ്ടതില്ല. യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഛർദ്ദി ഒരുപരിധിവരെ അടക്കുവാൻ സാധിക്കും. ഒരിക്കലും സഞ്ചരിക്കുന്ന ദിശയ്ക്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക. നമ്മുടെ ലോഫ്‌ളോർ ബസ്സുകളിൽ ഇത്തരത്തിലുള്ള സീറ്റുകൾ കണ്ടിട്ടില്ലേ? അവ ഒഴിവാക്കുവാനാണ് പറയുന്നത്.
ബസ്സിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസ്സിന്റെ ഇടതു വശത്തായുള്ള (ഡോർ ഉള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്. പുറത്തെ കാഴ്ചകളും വായുസഞ്ചാരവും നിങ്ങൾക്ക് ഒരു പ്രത്യേക ഉന്മേഷം പകരും. യാത്ര ചെയ്യുമ്പോൾ ഒരിക്കലും പുസ്തകം വായിക്കുവാനോ മൊബൈൽഫോൺ നോക്കുവാനോ പാടില്ല. ഇത് ഛർദ്ദിക്കുവാനുള്ള പ്രവണതയുണ്ടാക്കും.
നിങ്ങളുടെ യാത്ര കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.
യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപും യാത്രയ്ക്കിടയിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. പൊറോട്ട, ബിരിയാണി, ചിക്കൻ, ബീഫ് എന്നിവ മാറ്റിനിർത്തി എളുപ്പം ദഹിക്കുന്ന പുട്ട്, ദോശ തുടങ്ങിയവ കഴിക്കുന്നതായിരിക്കും ഉത്തമം. ഇടയ്ക്ക് ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ല ഫലം ചെയ്യും. ബസ് സ്റ്റാൻഡുകളിൽ ലഭിക്കുന്ന ഇഞ്ചി മിട്ടായി കഴിക്കുന്നതും ഛർദ്ദി ഒഴിവാക്കുവാൻ സഹായകമാകാറുണ്ട്. ചെറുനാരങ്ങ മണക്കുക തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.
യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കും.
അതുപോലെതന്നെ പൊതുവെ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങളിൽ നിന്നും ഇത്തരം ഛർദ്ദിച്ച കവറുകൾ പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച. മൂന്നാർ റൂട്ടിലോക്കെ പോയിട്ടുള്ളവർക്ക് മനസിലാകും. ദയവു ചെയ്ത് ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കുക. നിങ്ങൾ എറിയുന്ന ഈ കവർ മറ്റുള്ളവരുടെ ദേഹത്തു വീണാലുള്ള കാര്യം ചിന്തിച്ചിട്ടുണ്ടോ? അവ റോഡിൽ കിടന്നാലുണ്ടാകുന്ന മോശമായ കാഴ്ച കണ്ടാൽ നിങ്ങൾക്ക് അത് ആസ്വദിക്കുവാനാകുമോ? അതുകൊണ്ട് ദയവു ചെയ്ത് ഛർദ്ദിയടങ്ങിയ മാലിന്യക്കവറുകൾ അലക്ഷ്യമായി എറിയാതിരിക്കുക.
അതുപോലെ തന്നെ യാത്രയ്ക്കിടയിലെ ഛർദ്ദി ചിലപ്പോഴൊക്കെ നമ്മുടെ സുരക്ഷയെ വരെ ബാധിക്കുന്ന തലത്തിലേക്ക് എത്തിച്ചേരാറുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛർദ്ദിയ്ക്കരുത്. ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കവർ കയ്യിൽ കരുതുക. അഥവാ കവർ എടുക്കുവാൻ വിട്ടുപോയെങ്കിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോൾ തന്നെ ബസ് ജീവനക്കാരോട് കാര്യം പറയുക. ഹൈറേഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പക്കൽ കവറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇനി കാറിലാണ് നിങ്ങളുടെ യാത്രയെങ്കിൽ വിജനമായ ഏതെങ്കിലും സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ നിർത്തി പുറത്തിറങ്ങി ഛർദ്ദിക്കുക. വാഹനത്തിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് പോസ്റ്റുകളിൽ തട്ടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്പോൾ ഒരിക്കൽക്കൂടി പറയുകയാണ്. ഛർദ്ദിക്കും എന്ന പേടിയിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാതെയിരിക്കുക. ഛർദ്ദി എന്ന വില്ലനെ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക വഴി തുരത്താവുന്നതാണ്.
Leave a Reply