ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പൊതുതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് ശതമാനം. 1945 നു ശേഷം ഉള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്. പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകൾ ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 10 വരെ തുറന്നിരിക്കും. പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിജയ പ്രതീക്ഷയിലാണ് ലേബർ പാർട്ടി. സർവേകൾ എല്ലാം തന്നെ ലേബർ പാർട്ടിക്ക് അനുകൂലമായ വിധിയാണ് എഴുതിയിരിക്കുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലൻഡ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകൾ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും. പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് യോർക്ക്ഷെയറിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ വടക്കൻ ലണ്ടനിൽ വോട്ട് ചെയ്തു. ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്.

തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കെയർ സ്റ്റാർമര്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ക്യാബിനറ്റ് ഉടന്‍ വിളിക്കുമെന്നും വ്യക്തമാക്കി. അതേസമയം കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഏറെ ആശങ്കയുടെ സമയമാണ് ഇപ്പോൾ. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മുന്‍പുള്ള അവസാന അഭിപ്രായ സര്‍വേയും ലേബറിന് വന്‍വിജയം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ തോൽവിയുടെ ആഴം എത്രമാത്രം ആയിരിക്കുമെന്ന ആശങ്കയിലാണ് പാർട്ടി അംഗങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു