ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വോട്ടു ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനം യുകെയിൽ നടപ്പിലാക്കുന്നു. ഈ പ്രായത്തിലുള്ള വോട്ടർമാർക്ക് അടുത്ത പൊതു തിരഞ്ഞെടുപ്പ് മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം ലഭിക്കും . പുതിയതായി പാർലമെൻറിൽ അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ബില്ലിലെ സുപ്രധാന നിർദ്ദേശമാണ് പ്രായപരുധി കുറയ്ക്കുമെന്നത്.
നിലവിൽ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കും സെനഡ്, സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കും ഏറ്റവും കുറഞ്ഞ വോട്ടിംഗ് പ്രായം ഇതിനകം 16 ആണ്. എന്നാൽ യുകെ പാർലമെന്റ്, ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ, വടക്കൻ അയർലണ്ടിലെ എല്ലാ തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് തിരഞ്ഞെടുപ്പുകൾക്ക് ഇത് 18 ആണ്. 1969-ൽ വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചതിനുശേഷം യുകെയിലുടനീളം വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നത് വോട്ടർമാരിൽ വരുത്തുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും.
വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുമെന്ന വാഗ്ദാനം ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ കഴിഞ്ഞ വേനൽക്കാലത്തെ രാജാവിന്റെ പ്രസംഗത്തിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല. താൻ 16-ാം വയസ്സിൽ അമ്മയായെന്നും ആ പ്രായത്തിൽ ആളുകൾ ജോലിക്ക് പോവുകയും നികുതി അടയ്ക്കുകയും ചെയ്യുകയെന്ന സാഹചര്യത്തിൽ വോട്ടവകാശം ഉണ്ടായിരിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് കരുതുന്നതായി ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. എന്നാൽ യുവാക്കൾ ഇടതുപക്ഷ പാർട്ടികളോട് അനുകൂല മനോഭാവം പുലർത്തുന്നവർ ആയതിനാൽ ഈ നീക്കം ലേബർ പാർട്ടിക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ 16 ഉം 17 ഉം പ്രായത്തിലുള്ള വോട്ടർമാരുടെ എണ്ണം 3 ശതമാനം മാത്രമാണെന്നും ഈ തീരുമാനം ഉണ്ടാക്കുന്ന സ്വാധീനം നിസാരമാകുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Leave a Reply