ബീന റോയ്

നിന്റെ വാക്കുകളില്‍
പ്രണയമുറങ്ങുന്നുണ്ട്
നിന്റെ മൗനങ്ങളില്‍
വിരഹം കത്തിനില്‍പ്പുണ്ട്

പാടാതെപോയൊരു
സങ്കീര്‍ത്തനത്തിന്റെ
അലയൊലികള്‍ക്കായി
മനസ്സിലൊരു ദേവാലയം
നോമ്പുനോല്‍ക്കുന്നുണ്ട്

സ്വപ്നങ്ങളില്‍
പണിതുയര്‍ത്തിയ
അള്‍ത്താരയിലെ
കുന്തിരിക്കത്തിന്റെ
ഗന്ധത്തിനൊപ്പം
ഓര്‍മ്മകളും
ഒഴുകിയെത്തുന്നുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിമണികളുടെ
വിശുദ്ധനാദത്തിനൊത്ത്
സക്രാരിയിലെ
ക്രൂശിതരൂപത്തോട്
പ്രാര്‍ത്ഥനകള്‍
ഉരുവിടുന്നുണ്ട്

മനസ്സുകൊണ്ടൊരു
ദിവ്യബലിപൂര്‍ത്തിയാക്കി,
വെളുത്ത ലില്ലിപ്പൂക്കള്‍
വിരിഞ്ഞുനില്‍ക്കുന്ന
ആത്മാവിന്റെ
സെമിത്തേരിയില്‍
നീ, ഹൃദയത്തെ
കൊണ്ടുവിട്ടിട്ടുണ്ട്

പ്രണയദംശനമേറ്റ്
മൃത്യുപൂണ്ട ഹൃദയമൊന്ന്
പുനരുത്ഥാനം കാത്ത്
നിന്റെയുള്ളില്‍
അടക്കംചെയ്യപ്പെട്ടിട്ടുണ്ട്.


ബീന റോയ്