വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
Leave a Reply