വിജയവഴിയിൽ വെയിൽസും ഇംഗ്ലണ്ടും. കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഇംഗ്ലണ്ടിലെ ഹാർട്ട്ലി പൂളിൽ വച്ച് നടന്ന ത്രിരാഷ്ട്ര കബഡി ടൂർണമെൻ്റ് വിജയകരമായി സമാപിച്ചു. പുരുഷ വിഭാഗത്തിൽ വെയിൽസ് വിജയികളായി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് വെയിൽസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസസ്ഥമാക്കിയപ്പോൾ വെയിൽസാണ് റണ്ണേഴ്സ് അപ്പായത്. ഹാർട്ട്ലിപൂൾ കൗണ്ടി കൗൺസിലർ ആയ ആരോൺ റോയിയുടെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
കായിക വിനോദത്തിൻ്റെയും വിവിധ കലാ സാംസ്കാരിക പരിപാടികളുടേയും സംഗമ വേദിയാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹാർട്ട്ലി പൂൾ നഗരം. ആരോൺ റോയിയുടെ വാക്കുകളിൽ ”കായിക വിനോദത്തിനുപരിയായി വിവിധ ദേശങ്ങളുടെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗ വേദിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത് അത് വിജയകരമായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
മത്സരിച്ച ടീമുകൾക്ക് പുറമേ സാംസ്കാരിക പരിപാടികളിലും സ്റ്റാളുകളിലും വിവിധ രാജ്യങ്ങൾ പങ്കെടുത്തത് അതിൻ്റെ തെളിവാണ്. ഇനിയും ഇത്തരം ഇവൻ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്”. യുകെയിൽ എമ്പാടും കബഡിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും യുകെയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി കബഡിയെ മാറ്റുക എന്നതുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും വെയിൽസ് ടീമിൻ്റെ മാനേജർമാരായ ജോബി മാത്യുവും ജോണി തോമസ് വെട്ടിക്ക എന്നിവർ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് മുൻ ദേശീയ താരവും നോട്ടിങ്ങാം റോയൽസ് കബഡി ക്ലബിൻ്റെ ഉടമയുമായ രാജു ജോർജ്ജാണ് വെയിൽസ് ടീമിൻ്റെ കോച്ച്. ചടങ്ങിൽ വിവിധ വിശിഷ്ടാഥിതികൾ പങ്കെടുത്തു. ഹാർട്ട്ലി പൂൾമേയർ കരോൾ തോംപ്സൺ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. വേൾഡ് കബഡി അസോസിയേഷൻ പ്രസിഡൻ്റ് അശോക് ദാസ് മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ താരം സാജു എബ്രഹാം ഉൾപ്പെട്ട പാനലാണ് കളി നിയന്ത്രിച്ചത്.
Leave a Reply