അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങള്‍ ഇന്ത്യയുടെ അടിമ മനോഭാവമാണ് കാണിക്കുന്നതെന്ന് ശിവസേന. പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലാണ് ഗുജറാത്ത് സര്‍ക്കാരിനെയും മോദിയേയും പത്രം രൂക്ഷമായി വിമര്‍ശിച്ചത്.
ചക്രവര്‍ത്തി സാമന്ത രാജ്യം സന്ദര്‍ശിക്കുന്നതുപോലെയാണ് ട്രംപിന്റെ വരവിന് മുന്നോടിയായുള്ള ഒരുക്കങ്ങളെന്ന് പത്രം കുറ്റപ്പെടുത്തി.
ട്രംപിന്റെ വാഹന വ്യൂഹം കടുന്നുപോകുന്ന സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങള്‍ മതിലുകെട്ടി മറക്കുന്നതിനെയും പത്രം രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെ ചെയ്തതുകൊണ്ട് ഇന്ത്യന്‍ രൂപയുടെ മുല്യം വര്‍ധിക്കുകയോ, അല്ലെങ്കില്‍ ചേരികളിലെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുകയോ ചെയ്യുകയോ ഇല്ലെന്നും മുഖപത്രമായ സാമ്‌ന ചൂണ്ടിക്കാട്ടി.
‘ സ്വതന്ത്ര്യത്തിന് മുമ്പ് ബ്രീട്ടിഷ് രാജ്ഞി കൊളനി രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്നത്തെ മനോഭാവത്തെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. ‘ ട്രംപ് എന്നത് ലോകത്തെ കുറിച്ച് ധാരണയോ വിവേകമോ ഉള്ള ആളല്ല. അതേസമയം അമേരിക്കയുടെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട് എന്നാല്‍ ഇപ്പോഴുള്ളത് അടിമ മനോഭാവമാണെന്നും പത്രം കുറ്റപ്പെടുത്തി. ട്രംപും മോദിയും തമ്മിലുള്ള രാഷ്ട്രീയ ഇടപെടുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തി വലിയ വിഭാഗം ഗുജറാത്തികൾ അമേരിക്കയിൽ കഴിയുന്നുണ്ട്. അവരെ അവിടുത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനിക്കാനാണ് ഇപ്പോൾ ഈ പരിപാടി സംഘടിപ്പിക്കുന്നെതെന്നും ശിവസേന മുഖപത്രം വിമർശിച്ചു.
ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിന് വേണ്ടിയാണ് 100 കോടി ചെലവഴിച്ച് മതിലു പണിയുന്നതെന്നും പത്രം കുറ്റപ്പെടുത്തി.ഈ മാസം 24 നാണ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് പിന്നീട് പ്രധാനമന്ത്രി മോദിയോടൊപ്പം റോഡ് ഷോയും നടത്തും. മോടെറയിൽ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. ഒരു ലക്ഷത്തിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നമസ്‌തെ ട്രംപ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
അതിനിടെ ചേരികള്‍ കാണാതിരിക്കാന്‍ മതിലുകള്‍ പണിയുന്നത് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായല്ലെന്ന് വിശദീകരണവുമായി അഹമ്മദ്ബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തി. സന്ദര്‍ശന പരിപാടികൾ ആലോചിക്കും മുമ്പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന
Leave a Reply