WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ.ബിജു കുന്നയ്ക്കാട്ട്
വാൽസിംഗ്ഹാം: മരിയഭക്തിക്കും പള്ളിപ്പെരുന്നാളുകൾക്കും പുകൾപെറ്റ കേരളത്തിൽനിന്നും യുകെയിലേക്കു കുടിയേറിയവർക്കു ഗൃഹാതുരത്വത്തിൻ്റെ തിരുനാളോർമ്മകൾ അയവിറക്കാനും ദൈവമാതൃഭക്തിയുടെ വാത്സല്യം നുകരാനുമായി ഒരു അനുഗ്രഹീതദിനം. ഗ്രേറ്റ്  ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്‌മീയനേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാം ‘വാൽസിംഗ്ഹാം തീർത്ഥാടനതിരുനാൾ’ നാളെ ശനിയാഴ്ച നടക്കും. രാവിലെ ഒൻപതു മണി മുതൽ ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകും. രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വികാരി ജനറാൾമാർ, മറ്റു വൈദികർ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.
രാവിലെ ഒൻപതു മുതൽ പതിനൊന്നു വരെ നടക്കുന്ന ആരാധനാസ്തുതിഗീതശുശ്രുഷയ്ക്ക് റെവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, റെവ. ഫാ. ടോമി എടാട്ട് എന്നിവർ നേതൃത്വം നൽകും. തുടർന്ന് കുട്ടികളുടെ അടിമവയ്ക്കൽ ശുശ്രുഷ നടക്കും. 11: 00 മണിക്ക് റെവ. ഫാ. തോമസ് അരത്തിൽ MST മരിയൻ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12.45 ന്  പ്രസിദ്ധമായ മരിയൻ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ ഭക്തിസാന്ദ്രമായി അർപ്പിക്കപ്പെടുന്ന ജപമാലപ്രാർത്ഥനയിൽ വിശ്വാസികൾ പങ്കുചേരും. തുടർന്ന് നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു വചന സന്ദേശം നൽകും.
വി.  കുർബാനയുടെ സമാപനത്തിൽ അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹേവർഹിൽ കമ്മ്യൂണിറ്റിയെയും പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാൾ ഏൽപ്പിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾ നടക്കും. തുടർന്ന് നടക്കുന്ന സമാപന പ്രാര്ഥനകളോടും ആശീർവാദത്തോടുംകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമാകും.
തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി, ഈ വർഷം തിരുനാൾ ഏറ്റു നടത്തുന്ന കോൾചെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഡയറക്ടർ റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, തിരുനാൾ പ്രസുദേന്തിമാർ എന്നിവർ അറിയിച്ചു. വിപുലമായ ഭക്ഷണസൗകര്യവും പാർക്കിങ് സൗകര്യവും പ്രാഥമികആവശ്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനാളിൽ പങ്കെടുക്കാൻ വരുന്ന ബഹു. വൈദികർ തങ്ങളുടെ തിരുവസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. തിരുക്കർമ്മങ്ങൾക്ക് രൂപത ഗായകസംഘം ഡയറക്ടർ റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കും. തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.