ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 24-ന് ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. 87-ാം പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് ആഘോഷിക്കുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാസഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റം അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. പതിനൊന്നുമണിക്ക് ആരംഭ പ്രാര്‍ത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീര്‍ത്ഥാടനയാത്ര. 2.30ന് ആഘോഷപൂര്‍വ്വമായ വി. കുര്‍ബാന, വചനസന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

യു.കെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌കോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിങ്ഹാം, ഷെഫീല്‍ഡ്, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, ലിവര്‍പൂള്‍ എന്നീ വിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലിനായിരിക്കും വാല്‍സിംഹാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 30ന് ദൈവദാസന്‍മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാസഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദിപറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടി വരവ്. അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ നിയുക്ത മെത്രാന്‍ ജോണ്‍ കൊച്ചുതുണ്ടില്‍ പിതാവിനെയോര്‍ത്ത് നന്ദിപറയാനും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തില്‍ യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ സമര്‍പ്പിക്കാനും ഉള്ള അവസരമാകും വാര്‍ഷിക തീര്‍ത്ഥാടനം. തിരുക്കര്‍മ്മങ്ങള്‍ക്ക് യു.കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കുംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിക്ക് മഠത്തിപറമ്പിലും നേതൃത്വം നല്‍കും.

Address
National Shrine
Friday Market Place
Walsingham, NR 22 6 EG