ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: യുകെയിലെമ്പാടുമുള്ള മലയാളി ക്രൈസ്തവരും മാതൃഭക്തരും വാല്‍സിംഹാം പുണ്യജനനിയുടെ തിരുനടയില്‍ നാളെ ഒത്തുകൂടുമ്പോള്‍ നിരവധി പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകും ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍. 2016 ഒക്ടോബര്‍ 9-ാം തിയതിയാണ് രൂപതാ ഉദ്ഘാടനവും മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ 16-ാം തിയതിയാണ്.
തിരുസഭയില്‍ ആഘോഷിക്കപ്പെടുന്ന മാതാവിന്റെ ഒരു പ്രധാന തിരുനാളായ കര്‍മ്മലമാതാവിന്റെ തിരുനാള്‍ ഈ വര്‍ഷം ജൂലൈ 16-ാം തിയതിയാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനു ശേഷം രൂപതാ നേതൃത്വതം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാല്‍സിംഹാം തിരുനാള്‍ എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു സന്ദര്‍ശക മെത്രാന്റെ സാന്നിധ്യമില്ലാതെ തിരുനാള്‍ നടക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തേക്കാളേറെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതും ഈ വര്‍ഷമാണ്. അറുപതിനു മുകളില്‍ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലും ഈ വര്‍ഷം സന്ദര്‍ശകരെത്തും. മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ 30ലേറെ വൈദികരുടെ സാന്നിധ്യമുണ്ടാകുന്നതും വാല്‍സിംഹാമില്‍ ആദ്യമായിരിക്കും. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഏഴായിരിത്തിലധികെ പ്രതീക്ഷിക്കപ്പെടുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു വലിയ സവിശേഷത. രൂപതാ ക്വയര്‍ മാസ്റ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘവും തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഗാനങ്ങളാലപിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായി ഈ വര്‍ഷം വാല്‍സിംഹാം തിരുനാളിന് ഒത്തുചേരുന്ന എല്ലാവര്‍ക്കും രൂപതാ കുടുംബത്തോട് ചേര്‍ന്ന് ഒരു ജനമായി പരി.മറിയത്തിന്റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കാനും ദൈവാനുഗ്രഹം സമൃദ്ധമായി നേടാനും ഇടയാകട്ടെയെന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
Leave a Reply