ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: സഡ്ബെറിയിലെ ഏഴ് ക്രൈസ്തവ കുടുംബങ്ങള്‍ ഈ വര്‍ഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാളിന് പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പരി. വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂര്‍വ്വഭാഗ്യം കൈവന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണവര്‍. ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഈ വലിയ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏറ്റെടുത്ത് നടത്തുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഇവര്‍ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞു തികയാതെ വന്നതിന് പരിഹാരം കാണാന്‍ മുന്‍കൈ എടുത്തത് ആ ഭവനത്തിലുണ്ടായിരുന്ന പരിചാരകരോടു പറഞ്ഞു. ‘അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍’ ഈശോയുടെ നിര്‍ദ്ദേശപ്രകാരം കല്‍ഭരണികളില്‍ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തുനിന്നു കണ്ടതും മാതാവിന്റെയും ഈശോയുടെയും നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച പരിചാരകരായിരുന്നു. വാല്‍സിംഹാം തിരുനാളില്‍ മാതാവിന്റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നില്‍ക്കുന്ന ഈ ഏഴു കുടുംബങ്ങള്‍ക്കും ഇത് അപൂര്‍വ്വ സന്തോഷത്തിന്റെ അവസരമാണ്. വികാരി റവ. ഫാ. ടെറിന്‍ മുള്ളക്കരക്കൊപ്പം മണ്ണുംപുറത്ത് ബിബിന്‍ ആഗസ്തി, മാന്തുരുത്തില്‍ ബോബി ചെറിയാന്‍, പൂവ്വത്തിങ്കല്‍ ടോണി ജോര്‍ജ്, തൊട്ടിയില്‍ സാബു ജോസഫ്, അറക്കക്കുടിയേല്‍ ഷാജൂ വര്‍ഗീസ്, വഴുതനപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യൂ ജോസി വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാകാന്‍ സഡ്ബറിയിലെ ഈ ഏഴു പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിന്‍ മുള്ളക്കരയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ആത്മീയമായ ഒരുക്കം നടത്തി. ഇംഗ്ലണ്ടിലെ ‘നസ്രത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തര്‍ക്കും പരി. മാതാവിന്റെ മാധ്യസ്ഥ്യം വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കാനിടയാകട്ടെയെന്നും മാതൃഭക്തി വഴി ഈ രാജ്യം ഈശോയിലേക്ക് തിരിയാന്‍ ഇടയാകട്ടെയെന്നും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലയിനും വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Reply