ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ നടക്കും. പതിനായിരത്തില്‍പ്പരം വിശ്വാസികളെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായെന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മലയാളം യുകെയോട് പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ ഹോളി ഫാമിലി കമ്മ്യൂണിറ്റി (കിംഗ്‌സിലില്‍) യുടെ നേതൃത്വത്തിലാണ് ഇത്തവണ തീര്‍ത്ഥാടനം നടക്കുന്നത്.
രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കോച്ചുകളിലും മറ്റു വാഹനങ്ങളില്‍ നിന്നുമായിട്ടായിരിക്കും വിശ്വാസികള്‍ എത്തിച്ചേരുക. രൂപതയുടെ എല്ലാ റീജിയണുകളിലും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. പതിനായിരത്തോളം വിശ്വാസികള്‍ പ്രഥമ തീര്‍ത്ഥാടനത്തിന് കഴിഞ്ഞ വര്‍ഷം വാല്‍സിംഹാമില്‍ എത്തിച്ചേര്‍ന്നിരുന്നു.
നാളെ രാവിലെ 9 മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. 11.15 മുതല്‍ 1 മണി വരെയുള്ള ഉച്ചഭക്ഷണ സമയത്ത് അടിമവെയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ നിരക്കില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. 1 മണിക്ക് മൈലുകള്‍ നീളമുള്ള ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. സന്തോഷത്തിന്റെയും ദുഖത്തിന്റെയും പ്രകാശത്തിന്റെയും മഹിമയുടെയും രഹസ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുപത് ജപമാല സ്റ്റേഷന്‍സ് പ്രദക്ഷിണം കടന്നു പോകുന്ന വീഥികളില്‍ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു മണിയോട് കൂടി പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കും. തുടന്ന് ആഘോഷമായ ദിവ്യബലി നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങള്‍ ആലപിക്കും. ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലക്‌സ് ഹോപ്‌സ് വചന സന്ദേശം നല്‍കും. അഞ്ചു മണിയോടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് തീര്‍ത്ഥാടനം അവസാനിക്കും.
സ്വര്‍ഗ്ഗത്തിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ തിരുന്നാള്‍ ആഘോഷം. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ സഭാ വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഹോളി ഫാമിലി കമ്മ്യൂണിറ്റിയും അറിയിച്ചു.
Leave a Reply