ജോൺസൻ ജോസഫ്, മലങ്കര കൗൺസിൽ സെക്രട്ടറി
വാത്സിങ്ഹാം :- പ്രതിസന്ധികളിൽ തളരാതെ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെപോലെ വിശ്വാസത്തിന്റെ സജീവ സാക്ഷികളാകുവാൻ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. വാത്സിങ്ഹാം മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ചു വചന സന്ദേശം നല്കുകയാരുന്നു കർദിനാൾ. സ്വർഗ്ഗിയ രാജ്ഞിയായി പരിശുദ്ധ കന്യകാമറിയം രൂപാന്തരപെട്ടത് ഒരു ദിവസം കൊണ്ടായിരുന്നില്ല. നിരന്തരമായി ദൈവിക പദ്ധതികളോട് ചേർന്ന് നിന്നു കൊണ്ടായിരുന്നു. ജീവിത യാത്രയിൽ സഹനങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴും ദൈവീക പദ്ധതികളോട് കന്യകാമറിയം ചേർന്ന് നിന്നു.
പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ കുരിശിൻ ചുവട്ടിലെ പരിശുദ്ധ കന്യകാമറിയം നമ്മുടെ മാതൃകയും അഭയവുമാണ്. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃക നാം പിന്തുടരേണ്ടതായിരിക്കുന്നു. അതിലുടെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാകുവാൻ അദ്ദേഹം ഉത്ബോധിപ്പിച്ചു.
സിറോ മലങ്കര കത്തോലിക്ക സഭ യുകെ റീജിയൻ വാത്സിംഗ്ഹാം മരിയൻ തീർത്ഥാടനത്തിനും, 89 – ാംമത് പുനരൈക്യ വാർഷികത്തിനും കർദിനാൾ ക്ലിമിസ് കത്തോലികാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. തീർത്ഥാടനത്തിനു ആരംഭം കുറിച്ച് കൊണ്ട് ലിറ്റിൽ വാത്സിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ പ്രാർത്ഥന ശുശ്രുഷയ്ക്ക് സഭയുടെ യു കെ കോഓർഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിൽ കാർമികത്വം വഹിച്ചു. തുടർന്ന് പരിശുദ്ധ വാത്സിംഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന പദയാത്രയിൽ യുകെ യിലെ പതിനാറു മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കുചേർന്നു. നൂറ്റാണ്ടുകളായി അനേകലക്ഷം തീർഥാടകർ നഗ്നപാദരായി സഞ്ചരിച്ച ഹോളി നൈലിലൂടെ ജപമാലയും മരിയൻ ഗീതികളും പുനരൈക്യ ഗാനങ്ങളും ആലപിച്ചു കൊണ്ട് വിശ്വാസികൾ പങ്കാളികളായി.
വാത്സിങ്ഹാം നാഷണൽ എത്തിചേർന്ന തീർത്ഥാടക സംഘത്തെ വൈസ് റെക്ടർ മോന്സിങ്നോർ ആർമിറ്റേജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാതോലിക്ക ബാവയെ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിച്ചു. കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ സഭയുടെ യുകെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കംമൂട്ടിൽ, ചാപ്ലയിൻമാരായ ഫാദർ രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാദർ ജോൺസൺ മനയിൽ, ഫാദർ ജോൺ അലക്സ് പുത്തൻവീട് എന്നിവർ സഹകാർമ്മികരായി. മതബോധന വിദ്യാർഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന വിശ്വാസപരിശീലന ഡയറി കർദിനാൾ പ്രകാശനം ചെയ്തു.
മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിമ്മി ജേക്കബ് നന്ദി അർപ്പിച്ചു. പുനരൈക്യത്തിന്റെ 89 – ാംമത് വാർഷികവേളയിൽ സഭയെ വഴിനടത്തിയ ദൈവകരുണക്ക് സഭാതലവനോടൊപ്പം നന്ദി പറയാനുള്ള ഒരു അവസരമാണ് യുകെയിലെ മലങ്കര സഭാ കുടുംബങ്ങൾക്ക് ലഭ്യമായത്. യുകെ റീജിയൻ കോഡിനേറ്റർ ഫാദർ തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തിൽ വൈദികരും മലങ്കര കൗൺസിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും ചേർന്നാണ് തീർത്ഥാടന ക്രമികരണങ്ങൾക്ക് നേതൃത്വം നൽകിയത്.
Leave a Reply