അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ഏഴാമത് തീർത്ഥാടനത്തിനും തിരുന്നാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ ആയിരക്കണക്കിന് മരിയ ഭക്തരെയാണ് തീർത്ഥാടകരായി പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ തിരുന്നാളിനു നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും പ്രസുദേന്തിമാരായി തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി മാതൃഭക്തർ മുന്നോട്ടുവന്നതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ അനുഗ്രഹസാന്ദ്രമാക്കും.

തീർത്ഥാടനത്തിൽ ഉണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും വ്യക്തിഗത കാറുകളിലുള്ള യാത്ര ഒഴിവാക്കി പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഉണ്ട്.

വാൽസിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടർന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കൽ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ മുന്നിൽ ബാനർ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി നടന്നു പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, വികാരി ജനറാളുമാർ മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ സമൂഹബലി അർപ്പിക്കും.

വൈകുന്നേരം നാലു മണിയോടെ തീർത്ഥാടന
തിരുക്കർമ്മങ്ങൾ സമാപിക്കും.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം വാങ്ങുവാൻ പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാൽസിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine of Our Lady
Walshingham, Houghton St. GilesNorfolk,NR22 6AL