വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാനക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ടാണ് ഈ ആരോപണം ഉന്നയിച്ചത്. ഉത്തര കൊറിയയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇത്തരം ഒരു ആരോപണം അമേരിക്ക ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പറയുന്നു.
ഉത്തരകൊറിയയാണ് വാനക്രൈ ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടനും മൈക്രോസോഫ്റ്റും നേരത്തേ ആരോപിച്ചിരുന്നു. 150 രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനക്രൈ എന്ന റാന്‍സംവെയര്‍ ആക്രമിച്ചത്. ഫയലുകള്‍ ലോക്ക് ചെയ്യുന്ന വൈറസ് അവ തിരികെ നല്‍കണമെങ്കില്‍ ബിറ്റ്‌കോയിനില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളുടെ നഷ്ടം മൂലം കോടിക്കണക്കിന് പൗണ്ട് നഷ്ടം രേഖപ്പെടുത്തിയ ആക്രമണത്തില്‍ ഫയലുകള്‍ തിരികെ കിട്ടാനായി പലരും പണം നല്‍കുകയും ചെയ്തു.
ആശുപത്രികള്‍, ഓഫീസ് ശൃംഖലകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വാനക്രൈ ആക്രമണം ബാധിച്ചു. നിരവധി എന്‍എച്ച്എസ് ആശുപത്രികളുടെയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഇതു മൂലം തകരാറിലായിരുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ചികിത്സാ രേഖകളും ലഭിക്കാതായത് ജിപി സര്‍ജറികളുടെ പ്രവര്‍ത്തനവും തകരാറിലാക്കി.
Leave a Reply