ലേബര്‍ ഷാഡോ ചാന്‍സലര്‍ വിമാന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രഷറി. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീകള്‍ ഒഴിവാക്കാനും ജോണ്‍ മക്‌ഡോണള്‍ഡിന് പദ്ധതിയുണ്ടെന്നാണ് ട്രഷറി അറിയിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ നടപടിക്കു പുറമേ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ വിലയീടാക്കാനും ഷാഡോ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നത് സാധാരണക്കാര്‍ക്ക് സമ്മര്‍ ഹോളിഡേ യാത്രകള്‍ അപ്രാപ്യമാക്കുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശ യാത്ര നടത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കുമെന്ന് ഷാഡോ ട്രഷറി മിനിസ്റ്റര്‍ ക്ലൈവ് ലൂയിസ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നാണ് ഡെയിലി മെയില്‍ ആരോപിക്കുന്നത്.
യുകെ വ്യോമ ഗതാഗത മേഖലയിലെ ഡിമാന്‍ഡ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പത്രം പറയുന്നു. വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി ഇതിന് ഉതകുമെന്നും അത് പുരോഗമനപരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയായി 81 പൗണ്ട് നല്‍കുന്നുണ്ട്. ഹോളിഡേ ടാക്‌സ് എന്ന പേരിലാണ് ഇത് ഈടാക്കുന്നത്. പുതിയ ഫ്രീക്വന്റ് ഫ്‌ളയര്‍ ടാക്‌സ് ഏര്‍പ്പെടുത്തുക, വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമുള്ള ഡ്യൂട്ടി ഫ്രീ സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലാണത്രേ! നികുതികള്‍ ഏര്‍പ്പെടുത്തിയാല്‍ 238 പൗണ്ട് വരുന്ന വിമാന ടിക്കറ്റ് 505 പൗണ്ടായി ഉയരും. ഇത് പല കുടുംബങ്ങളെയും ഹോളിഡേകളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരമൊരു നികുതിയേര്‍പ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് ഏല്‍ക്കുന്ന പ്രഹരമായിരിക്കുമെന്നാണ് ട്രഷറി മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞത്. ഇത് ഹോളിഡേ യാത്രകളെ ബാധിക്കും. സാധാരണ ജോലികള്‍ ചെയ്ത് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് വിദേശയാത്ര എന്നത് നിഷേധിക്കപ്പെടുകയായിരിക്കും ഇതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply