ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ക്രിസ്മസ് കാലത്തെ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ. ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്നവർ, ഒരു കടയിൽ 15 മിനിറ്റിൽ കൂടുതൽ ചിലവഴിക്കരുത് എന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിസിന്റെ അംഗമായിരിക്കുന്ന പ്രൊഫസർ ലൂസി യാർഡ് ലി ആണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ആളുകൾ എത്രത്തോളം സാമൂഹ്യ അകലം പാലിക്കുന്നുവോ, അത്രത്തോളം രോഗബാധ കുറഞ്ഞിരിക്കും എന്ന് അവർ പറഞ്ഞു. ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക്ക്ഡൗണിനോടുകൂടി, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ലാതെ, മറ്റ് കടകൾക്കും ഇംഗ്ലണ്ടിൽ തുറക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഒരു അവസരമായി ജനങ്ങൾ കാണരുതെന്നും, കൃത്യമായ സാമൂഹിക അകലം പാലിച്ച് ഒരു കടയിൽ പരമാവധി 15 മിനിറ്റ് മാത്രമേ ആളുകൾ ചെലവഴിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശത്തിൽ പറയുന്നത്.
കടകളിലും മറ്റും ക്രിസ്മസ് അപ്പൂപ്പൻമാരെ ഒരിക്കൽ നിർത്തുന്നത് അനുവദിക്കും,എന്നാൽ കുട്ടികൾ ഇവരുമായി സമ്പർക്കം പുലർത്തുവാൻ അനുവദിക്കുന്നതല്ല എന്ന് അധികൃതർ പറഞ്ഞു. കരോൾ ഗാനങ്ങൾക്ക് മറ്റം ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് രോഗബാധ പടരുന്നതിന് കാരണമാകുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ഒഴിവാക്കണമെന്ന കർശന നിർദേശമുണ്ട്. ക്രിസ്മസ് സമയത്ത് രോഗബാധ അധികമായി വർദ്ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്.
ഒന്നോ രണ്ടോ കുടുംബങ്ങളുടെ മാത്രം ഒത്തുചേരലിനാണ് സർക്കാർ അനുവദിക്കുന്നത്. പള്ളികളിൽ നടക്കുന്ന ക്രിസ്മസ് സർവീസുകൾക്ക് ജനങ്ങൾക്ക് പോകുവാനുള്ള അനുവാദമുണ്ട്. വീടുകൾ തോറുമുള്ള ക്രിസ്മസ് സന്ദർശനം അനുവദിച്ചിട്ടുണ്ടെങ്കിലും, ആറു പേർ അടങ്ങുന്ന ചെറിയ കൂട്ടങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ.
Leave a Reply