ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കനത്ത മഞ്ഞും മഴയും തുടരുന്നു. പവർ കട്ടിനും യാത്രാ തടസ്സത്തിനും സാധ്യതയുള്ളതിനാൽ, വെള്ളി, ശനി വരെ സ്കോട്ട് ലൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. നിലവിൽ ഇംഗ്ലണ്ടിൻ്റെ പല ഭാഗങ്ങളിലായി വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ശീത സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ പല ഭാഗങ്ങളിലേയും താപനില സാധാരണയിലും താഴെയാണ്. മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല സ്‌കൂളുകളും വ്യാഴാഴ്ച്ച മുതൽ അടച്ചിരിക്കുകയാണ്.
സ്കോട്ട് ലൻഡിലെ കിർക്ക്‌വാളിൽ ഏകദേശം 10സെ.മീ(3.9in) മഞ്ഞുവീഴ്‌ച രേഖപ്പെടുത്തിയപ്പോൾ വെസ്റ്റ് യോർക്ക്‌ഷയറിലെ ബിംഗ്‌ലിയിൽ 9സെ.മീ മഞ്ഞുവീഴ്‌ച രേഖപ്പെടുത്തി. രാജ്യത്തെ വടക്ക് ഭാഗങ്ങളിലുള്ള പ്രദേശത്തെ താപനില കൂടുന്നുണ്ടെങ്കിലും ഈസ്റ്റേൺ സ്കോട്ട് ലൻഡ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താപനില ഇപ്പോഴും മോശമാണ്. സ്‌കോട്ട് ലൻഡിൻ്റെ ഉയർന്ന ഭാഗങ്ങളിൽ ഇപ്പോഴും മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യത കാണുന്നുണ്ടെങ്കിലും ഇത് മഞ്ഞുവീഴ്‌ചയോ മഴയോ ആയി വീഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
മധ്യ, വടക്കൻ പ്രദേശങ്ങളിൽ, യാത്രാ കാലതാമസത്തിനും വൈദ്യുതി വിതരണത്തിനും മൊബൈൽ ഫോൺ കവറേജ് പോലുള്ള മറ്റ് സേവനങ്ങൾക്കും തടസ്സമുണ്ടാകാനുള്ള സാധ്യത ഉണ്ട്. ബിർമിംഗ്ഹാം, ഡെർബി, മിൽട്ടൺ കെയിൻസ്, ഈസ്റ്റ് യോർക്ക്ഷയർ എന്നീ പ്രദേശങ്ങളെ കേന്ദ്രികരിച്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. സ്കോട്ട് ലൻഡിൽ രണ്ട് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയപ്പോൾ വെയിൽസിൽ 17 വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply