മഹേന്ദ്രസിംഗ് ധോനി എന്ന നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയെക്കുറിച്ച് എത്ര വിമര്‍ശിച്ചാലും രണ്ടുലോകകപ്പുകളും ചാംപ്യന്‍സ് ലിഗ് കപ്പുമെല്ലാം മുഴച്ചു നില്‍ക്കും. തനിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഒരു കോഹ്ലിയുഗം സൃഷ്ടിക്കാന്‍ വിരാടിന് ധോനി കൊടുത്ത പിന്തുണയും വിസ്മരിക്കാനാകില്ല. എന്നാല്‍ തന്റെ ടീമിലെ ഏറ്റവും മികച്ച താരമായിരുന്നിട്ടും തനിക്ക് ശേഷം നായകനാക്കാന്‍ ധോനി പറഞ്ഞ പേര് മറ്റൊരാളുടേത്.
ധോനിയുടെ കാലത്ത് ഇന്ത്യന്‍ മുഖ്യസെലക്ടര്‍ ആയിരുന്ന മുന്‍ ഇന്ത്യന്‍താരം ദിലീപ് വെംഗ് സര്‍ക്കാരിന്റേതാണ് വെളിപ്പെടുത്തല്‍. തനിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ നായകനായി വിരാട് കോഹ്ലിയെ നിയോഗിക്കാന്‍ ധോനിയോ പരിശീലകന്‍ ഗാരി കിര്‍സ്റ്റനോ താല്‍പ്പര്യമില്ലായിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ഒപ്പം കളിച്ച ബദരീനാഥിലായിരുന്നു ഇരുവരുടേയും കണ്ണ്. സിഎസ്‌കെയുടെ മുന്‍ ഉടമ എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍.
29 ാം വയസ്സിലെങ്കിലും നായകനായി ബദരീനാഥിന് അവസരം നല്‍കിയില്ലെങ്കില്‍ പിന്നെ എന്നു നല്‍കുമെന്നായിരുന്നു ശ്രീനിവാസന്‍ അന്ന് തന്നോട് ചോദിച്ചത്. താന്‍ കോഹ്ലിയില്‍ ഉറച്ചു നിന്നപ്പോള്‍ എന്തുകൊണ്ട് ബദരിനാഥിനെ പരിഗണിച്ചില്ലെന്ന് ചോദിച്ചു. കോഹ്ലിയുടെ ബാറ്റിങ് കണ്ടിട്ടുണ്ടെന്നായിരുന്നു നല്‍കിയ മറുപടി. ഒപ്പം ഉണ്ടായിരുന്ന നാല് സെലക്ടര്‍മാരും കോഹ്ലിയെ നായകനാക്കാന്‍ അംഗീകരിച്ചു. 2008 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ കോഹ്ലി 2014ല്‍ ടെസ്റ്റ് നായകസ്ഥാനത്തേക്കാണ് ആദ്യമെത്തിയത്. 2017ല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാവാന്‍ ധോനി കോഹ്ലിയെ സഹായിക്കുകയും ചെയ്തു.
ഈ സംഭവം ഇന്ത്യന്‍ ക്രിക്കറ്റിന് നന്മയായെങ്കിലും ശ്രീനിവാസനെ പ്രകോപിപ്പിക്കുകയും എതിരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നും തന്നെ നീക്കി ശ്രീകാന്തിനെ മുഖ്യസെലക്ടറായി കൊണ്ടുവന്നതെന്നും പറഞ്ഞു. അതേസമയം കോഹ്ലിയ്ക്ക് കീഴില്‍ ധോനി പിന്നീട് മികച്ച പ്രകടനം നടത്തുകയും ഫീല്‍ഡില്‍ എടുക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
Leave a Reply