ആദ്യപ്രണയത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് പൊതുവേ പറയാറുള്ളത്. ആദ്യമായി മനസ്സിൽ കാണ്ടുനടന്ന, സ്വപ്നങ്ങൾ ഏറെ കണ്ട ആ മുഖം  പിന്നീട് എത്ര  പ്രണയങ്ങൾ പോയ്മറഞ്ഞാലും ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ സുഖമുള്ള ഒരു വേദനയായി നിലകൊള്ളും എന്നൊക്കെ പറയുന്നവരുണ്ട്. സിൽവിന ജെന്നിഫർ എന്ന പെൺകുട്ടിക്കും പറയാനുള്ളത് അതുപോലൊരു മനോഹരമായ പ്രണയത്തെക്കുറിച്ചായിരുന്നു. ഒരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന, പാതിവഴിയില്‍ വച്ചുതന്നെ വീണുപോയ ഒരു നഷ്ടപ്രണയത്തെക്കുറിച്ച്.

സമൂഹമാധ്യമത്തിൽ വൈറലാകുന്ന ജെന്നിഫറുെട പ്രണയകഥ ഇരുത്തി ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ബ്രേക്കപ്പുകളിൽ തകർന്നിരിക്കുന്നവർക്കൊരു കരുത്തു നൽകുന്നതുമാണ്. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോഴും കാത്തു സൂക്ഷിച്ചെങ്കിലും വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. പ്രണയം തുറന്നു പറയാൻ കാത്തിരുന്ന ദിവസം തന്നെ കാമുകന്‍ മരിച്ചു പോയെന്നറിയുകയായിരുന്നു. തകർന്നു പോയ ആ നാളുകളെക്കുറിച്ച് ജെന്നിഫർ വിതുമ്പലോടെ ഒപ്പം മനസ്സുനിറഞ്ഞ പോസിറ്റീവ് എനർജിയോടെ പങ്കുവെക്കുകയാണ്.

പത്തുവയസ്സു പ്രായമുള്ളപ്പോൾ ട്രിച്ചിയിൽ വച്ചു നടന്ന ഒരു വിവാഹത്തിനിടെയാണ് ജെന്നിഫർ അവനെ ആദ്യമായി കണ്ടുമുട്ടുന്നത്. തന്നോടും സഹോദരനോടും വന്നു സംസാരിച്ച ആ ആൺകുട്ടിയുമായി അവൾ വളരെപെട്ടെന്നു തന്നെ കൂട്ടായി. ഒന്നിച്ചു സൈക്കിളിൽ പോയതും ഒന്നിച്ചു ഹോളിവുഡ് സിനിമകൾ കണ്ടതും കളിചിരികളുമായി നടന്നതുമൊക്കെ ജെന്നിഫറിന് ഇന്നും ഓർമയുണ്ട്. പക്ഷേ വളർന്നതോടെ ഇരുവർക്കുമിടയിലുള്ള സൗഹൃദം പതിയെ നഷ്ടമാകുകയും ബന്ധം പൂർണമായും ഇല്ലാതാവുകയും ചെയ്തു.

പിന്നീട് 2011ലാണ് ജെന്നിഫർ വീണ്ടും തന്റെ കൂട്ടുകാരനെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും അവൻ ബംഗളൂരുവിലേക്കു ചേക്കേറിയിരുന്നു. തുടർന്ന് സമൂഹമാധ്യമം വഴിയുമെല്ലാം ജെന്നിഫർ അവനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും പണ്ടത്തെ ആ ആൺകുട്ടിയിൽ നിന്നും എത്രയോ മാറിയിരുന്നു, മുടിയെല്ലാം നീട്ടിവളർത്തി ബൈക്ക് റൈഡിങ് ക്ലബിലെല്ലാം അംഗമായിക്കഴിഞ്ഞിരുന്നു അവൻ.

പിന്നീ‌ട് മാതാപിതാക്കൾ വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോഴെല്ലാം അവനെക്കുറിച്ചായിരുന്നു മനസ്സിൽ ചിന്ത. തന്റെ വിവാഹം ഏതാണ്ട് ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും എന്തോ കാരണത്താൽ മു‌ടങ്ങിപ്പോയി. അന്ന് സന്തോഷാധിക്യത്തിലായിരുന്നു താൻ. വീണ്ടും ഒരു വർഷത്തിനുശേഷമാണ് അവൻ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതും സൗഹൃദത്തിലാകുന്നതും. പതിയെ പണ്ടു പിരിഞ്ഞ അതേ സൗഹൃദത്തിലേക്കു തങ്ങൾ തിരികെയെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവനു തന്നോ‌ടു പ്രണയമുണ്ടെന്നു പലപ്പോഴും തോന്നിയിരുന്നു, പക്ഷേ ഉള്ളിൽ ഒളിപ്പിച്ചു നടക്കുകയായിരുന്നു കക്ഷി. ഒരുരാത്രി പതിനൊന്നരയ്ക്ക് അവൻ ജെന്നിഫറിനു മെസേജ് അയച്ചു. താൻ ഉണർന്നിരിക്കുകയാണോ എന്നതായിരുന്നു അത്. അതെ എന്നു മറുപടി അയച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിനാൽ അതു പോയില്ലായിരുന്നു. അവൻ ഉറങ്ങിക്കാണും ശല്യം ചെയ്യേണ്ടെന്നു കരുതി പിന്നീടൊന്നും അയച്ചതുമില്ല.

അടുത്ത ദിവസം നെറ്റ്‌വർക്ക് വരാൻ കാത്തിരിക്കുകയായിരുന്നു താൻ, എ​ന്നാലേ അവന്റെ മറുപടി എന്താണെന്ന് കാണാൻ കഴിയൂ. എന്നാൽ ആ സമയത്താണ് തന്റെ അരികിലേക്ക് അലറി വിളിച്ചുകൊണ്ട് സഹോദരൻ വരുന്നതു കണ്ടത്. അദ്ദേഹത്തിന്റെ നോട്ടത്തിൽ നിന്നു തന്നെ അതൊരു അശുഭ വാർത്തയാണെന്നു മനസ്സിലായിരുന്നു. താൻ സ്നേഹിക്കുന്ന യുവാവ് അപക‌ടത്തിൽ പെട്ടുവെന്നും തൽക്ഷണം മരിച്ചുവെന്നുമായിരുന്നു സഹോദരൻ പറഞ്ഞത്. തന്റെ ലോകം തലകീഴായി മറിയുന്നതു പോലെയായിരുന്നു അപ്പോൾ തോന്നിയത്.

ആശുപത്രിയിലേക്കു പോകുന്ന വഴിയിലൊക്കെയും അത് അവനാകരുതേയെന്നായിരുന്നു പ്രാർഥന. അവന്റെ മരവിച്ച ശരീരം കാണരുതെന്നായിരുന്നു മനസ്സിൽ മുഴുവൻ. ശേഷം ശരീരം ട്രിച്ചിയിലേക്കു തിരികെ കൊണ്ടുപോരുന്നതിനിടെ ആമ്പുലൻസിനു പുറകിലൊരു വണ്ടിയിൽ സൈറണിലേക്കു മാത്രം നോക്കി എട്ടുമണിക്കൂറോളം ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കാതെ അവന്റെ മാതാപിതാക്കൾക്കൊപ്പമിരുന്നു.

വീട്ടിലെത്തിയപ്പോൾ അവന്റെ അച്ഛന്‍ പറഞ്ഞ കാര്യം ഹൃദയം തകർക്കുന്നതായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെക്കുറിച്ചു സംസാരിച്ചുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിക്കാൻ അതിരാവിലെ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.ഇന്ന് താൻ സന്തുഷ്ടയായ വിവാഹജീവിതം നയിക്കുകയാണ്. ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവർ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും പറഞ്ഞുകൊണ്ടാണ് ജെന്നിഫർ വിഡിയോ അവസാനിപ്പിക്കുന്നത്.